rodriguez-serial-killer

നൂറിലേറെപ്പേരെ ക്രൂരമായി കൊന്ന സീരിയൽ കില്ലർ. എന്നാൽ പൊലീസും ജനങ്ങളും ബഹുമാനം കലർന്ന ഭയത്തോടെയാണ് അയാളെ കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, ഇയാൾ കൊന്നു തള്ളിയതെല്ലാം കൊടുംക്രിമിനലുകളെ ആയിരുന്നു. അതെ, ഇതാണ് ബ്രസീലുകാരനായ പെദ്രോ റോഡ്രിഗസ്. ദയാരഹിതനായ സീരിയൽ കില്ലർ!

1968ൽ പതിനാല് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആദ്യകൊലപാതകം. സ്കൂളിലെ അടുക്കളയിൽ നിന്ന് ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച്, സ്കൂൾ ഗാർഡായിരുന്ന അച്ഛനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതിന് കാരണക്കാരനായ ആളോട് പെദ്രോയ്ക്ക് കടുത്ത പ്രതികാരം തോന്നി. അച്ഛനെ പിരിച്ചുവിട്ട അൽഫെനാസിലെ വൈസ് മേയറെ അവന്‍ വെടിവച്ചുകൊന്നു. അതും മുത്തച്ഛന്റെ തോക്ക് ഉപയോ​ഗിച്ച്.

എന്നാല്‍ ആ കൊലപാതകത്തോടെ തീരുന്നതല്ലായിരുന്നു അവന്‍റെ അടങ്ങാത്ത പക. യഥാർത്ഥ കള്ളനെന്ന് അവന്‍ കരുതിയ സ്കൂളിലെ മറ്റൊരു ഗാർഡിനെയും തട്ടി. ശേഷം സാവോ പോളോയിൽ അഭയം തേടി. തുടർന്ന് അവിടത്തെ വൻ ലഹരിമരുന്ന് കേന്ദ്രങ്ങൾ കൊള്ളയടിക്കാൻ ആരംഭിച്ചു. കൈയ്യിൽ കിട്ടിയ ഡ്രഗ് ഡീലർമാരെ ഒരു ദയയും കൂടാതെ അവൻ കൊന്നൊടുക്കി. 

കൊലപാതകങ്ങളുടെ ലഹരിയില്‍ അലിയവേയാണ് പെദ്രോ, സാവോ പോളോയിൽ വെച്ച് മരിയ ഒളിംപിയ എന്ന സുന്ദരിയെ കണ്ടുമുട്ടിയത്. ആ സൗഹൃദം വൈകാതെ തീവ്രപ്രണയമായി. അവർ താമസവും ഒരുമിച്ചായി. റോഡ്രിഗസിന്റെ കുട്ടിയെ ഗർഭിണിയായിരിക്കെ, ഒരു ലഹരിമരുന്ന് സംഘം അവന്‍റെ ഗേള്‍ ഫ്രണ്ടിനെ ക്രൂരമായി കൊലപ്പെടുത്തി. കാമുകിയെയും കുഞ്ഞിനെയും നഷ്ടമായത് അവന് ഉള്‍ക്കൊള്ളാനായില്ല.

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരിക്കും എന്ന് കേട്ടിട്ടില്ലേ.  വർഷം1969 - ആ ലഹരി മരുന്ന് സംഘത്തിന്റെ നേതാവ് സംഘടിപ്പിച്ച ഒരു വിവാഹപ്പാർട്ടിയിലേക്ക് പെദ്രോ പാഞ്ഞുകയറി. പിന്നെ അവിടെ നടന്നത് കൂട്ടക്കൊലയായിരുന്നു. ഏഴുപേരെ അയാള്‍ ക്രൂരമായി കൊന്നു. 16 പേർക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ ഒളിവിൽ പോയി. 

പിന്നെ കുറച്ചുകാലത്തേയ്ക്ക് റോഡ്രിഗസിനെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു. ഒരിക്കല്‍ ഏറ്റവും അടുത്ത ബന്ധുവായ പെൺകുട്ടി പെദ്രോയെ തിരഞ്ഞെത്തി. ഗർഭിണിയാക്കിയ ശേഷം, കാമുകന്‍ അവളെ വിവാഹം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അറിയിച്ചു. അതിന്റെ പ്രതികാരമായി അയാളെ വെടിവച്ചിട്ടു. 

പിന്നീടാണ് നാട്ടിൽ കഴിയുകയായിരുന്ന അമ്മയെ സ്വന്തം പിതാവ് തന്നെ കുത്തിക്കൊന്നുവെന്ന വിവരം അവനറിയുന്നത്. അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അച്ഛനെ കൊല്ലണമെന്ന വാശിയിലായി പെദ്രോ. അങ്ങനെ പൊലീസിന് പിടികൊടുത്തു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രണ്ട് കൊലപാതകങ്ങള്‍ കൂടി നടത്തി. 1973 മെയ് 24നായിരുന്നു അത്.  

ഒരു ബലാത്സംഗക്കേസിലെ പ്രതി ഉൾപ്പെടെ രണ്ട് കൊടും കുറ്റവാളികളോടൊപ്പമായിരുന്നു അവനെ ജയിലിലേക്ക് കൊണ്ടുപോയത്. ജയിലെത്തി വാഹനം തുറന്നപ്പോള്‍ കണ്ടത് മറ്റ് രണ്ട് പ്രതികളുടെയും ശവശരീരങ്ങളാണ്. വണ്ടിയിൽ വെച്ച് അവരെ തട്ടുകയായിരുന്നു റോഡ്രി​ഗസ്. 

അച്ഛൻ ശിക്ഷ അനുഭവിക്കുന്ന അതേ ജയിലിൽ മറ്റൊരു തടവുകാരനായി റോഡ്രിഗസ് എത്തി. ഒരു രാത്രിയിൽ അച്ഛന്റെ സെല്ലിലേക്ക് അവനെത്തി. റോഡ്രിഗസിനെ കണ്ട പിതാവ് ഞെട്ടി. തന്റെ അവസാനമായെന്ന് അയാൾക്ക് ഉറപ്പായിരുന്നു. പിതാവിനെ 22 തവണയാണ് അവൻ കുത്തിക്കീറിയത്. അച്ഛന്റെ ഹൃദയം വലിച്ചു പുറത്തിട്ടു. എന്നിട്ടും പക അടങ്ങിയില്ല. 

ജയിലില്‍ കഴിയവേ, ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത തടവുകാരെ ഒന്നൊന്നായി അവൻ തട്ടാൻ തുടങ്ങി. 1973 മുതൽ 2003 വരെയുള്ള കാലയളവിൽ, 47 തടവുകാരെയാണ് റോഡ്രിഗസ് വകവരുത്തിയത്. ജയിലിലെ തടവുകാരുടെ പേടിസ്വപ്നമായി അവൻ മാറി. ഒരുദിവസം, അവിടുത്തെ 3 തടവുകാർ ചേർന്ന് റോഡ്രിഗസിനെ കൊല്ലാൻ തീരുമാനിച്ചു.

അവർ റോഡ്രിഗസിനെ പതിയിരുന്ന് ആക്രമിച്ചു, പക്ഷേ കരുത്തനായ അവൻ മൂന്നുപേരെയും കീഴ്പ്പെടുത്തി, പിന്നീട് ക്രൂരമായി അടിച്ചു കൊലപ്പെടുത്തി. ആ സംഭവം കഴിഞ്ഞ് 30 വർഷങ്ങൾക്ക് ശേഷം 2003ൽ റോഡ്രിഗസ് ജയിൽ മോചിതനാകേണ്ടതായിരുന്നു. എന്നാൽ ജയിലിനുള്ളിലെ കൊലപാതകങ്ങൾ മൂലം അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് 2007 ഏപ്രിൽ 24 നാണ് റോഡ്രി​ഗസ് ജയിൽ മോചിതനായത്. 

എന്നാൽ 2011 സെപ്റ്റംബർ 15 ന് പെദ്രോ വീണ്ടും അറസ്റ്റിലായി. പല കുറ്റകൃത്യങ്ങളുടെ പേരിൽ 128 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. മനോരോഗികളെ അനിശ്ചിതമായി തടവിലാക്കാമെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് ബ്രസീലിയൻ സർക്കാർ റദ്ദാക്കിയത് അയാള്‍ക്ക് തുണയായി. ബ്രസീലിലെ പരമാവധി ജയിൽ ശിക്ഷ 30 വർഷമാക്കി. അങ്ങനെ റോഡ്രിഗസ് 2018 ൽ വീണ്ടും മോചിതനായി. 

കൊലപാതകങ്ങൾ നിർത്താൻ സമയമായെന്ന് ഒരുൾവിളി. അങ്ങനെ റോഡ്രിഗസ് ഒരു യൂട്യൂബറായി മാറി. 2023 മാർച്ച് അഞ്ചിന്, കാറിലെത്തിയ രണ്ടുപേർ‍ റോഡ്രിഗസിനെ വെടിവച്ചുകൊന്നു. മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ട കൊലയാളികളെ പിടികൂടാൻ ഇന്നും പൊലീസിനായിട്ടില്ല.

താൻ നൂറിലധികം പേരെ കൊന്നിട്ടുണ്ടെന്നായിരുന്നു റോഡ്രിഗസിന്റെ അവകാശവാദം. ഈ കണക്കിന് സ്ഥിരീകരണമില്ല. പക്ഷേ ഇയാള്‍ 71 പേരെ കൊലപ്പെടുത്തിയതിന് രേഖകളും തെളിവുകളുമുണ്ട്. അതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പെദ്രോ ശിക്ഷിക്കപ്പെട്ടതും.

ENGLISH SUMMARY:

The True Story Of Brazil's notorious serial killer Pedro Rodrigues Filho