പതിമൂന്ന് വയസുകാരിയെ ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയതില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടി വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇക്ര എന്ന പെണ്‍കുട്ടിയുടെ മരണവാര്‍ത്ത ലോകമറിയുന്നത്. ശരീരം തകര്‍ന്ന നിലയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പൊലീസ് അന്വേഷണത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിനിരയായെന്ന് വ്യക്തമായി. എട്ടാം വയസുമുതല്‍ വീട്ടുജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയായിരുന്നു ഇക്ര. നിരവധി വീടുകളില്‍ ജോലി ചെയ്ത ഇക്രയെ പിതാവ് രണ്ട് വര്‍ഷം എട്ട് കുട്ടികളുള്ള ദമ്പതികളുടെ വീട്ടിലെത്തിക്കുകയായിരുന്നു. മാസം 2450 രൂപയായിരുന്നു കുട്ടിയുടെ കൂലി. കുട്ടി ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുടുംബം കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യ അന്വേഷണത്തില്‍ തന്നെ കുട്ടി മൃഗീയമായ മര്‍ദനത്തിനിരയായതായി പൊലീസിന് വ്യക്തമായി. കുട്ടിയുടെ കൈകളിലും കാലിലുമായി പലയിടത്തും പൊട്ടലുണ്ടായിരുന്നു. ഇത് കൂടാതെ തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വീട്ടുടമസ്ഥനായ റാഷിദ് ഷഫീഖ്, ഭാര്യ സന ഇവരുടെ മക്കളെ ഖുർആൻ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ എന്നിവരാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ദിവസങ്ങളോളം മര്‍ദിച്ച് അവശയാക്കിയ കുട്ടിയെ ഖുർആൻ അധ്യാപകനാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടി അനാഥയാണെന്ന് പറഞ്ഞ് ഇയാള്‍ ആശുപത്രി വിടുകയും ചെയ്തു. കുട്ടി ആശുപത്രിയിലാണെന്ന് വിവരമറിഞ്ഞെത്തിയ കുട്ടിയുടെ പിതാവ് സന ഉള്ളയ്ക്ക് കുട്ടിയുടെ മരണമാണ് കാണാന്‍ സാധിച്ചത്. താന്‍ കടത്തിലായിരുന്നെന്നും ഒരു നിവൃത്തികേടുകൊണ്ടാണ് മകളെ വീട്ടുജോലിയ്ക്കയ്ക്കാന്‍ നിര്‍ബന്ധിതനായതെന്നും സന ഉള്ള പറഞ്ഞു. കുട്ടികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുവദിച്ച പ്രായപരിധി പാക്കിസ്ഥാനില്‍ 15 വയസാണെന്നിരിക്കെ ഇക്രയുടെ മരണം പാക്കിസ്ഥാനില്‍ കനത്ത പ്രതിഷേധത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. രാജ്യത്ത് സമൂഹമാധ്യമങ്ങളില്‍ #justiceforIqra പോസ്റ്റുകള്‍ ട്രെന്‍ഡിങ്ങായിക്കഴിഞ്ഞു.