Image: Meta AI
സാധാരണഗതിയില്‍ അച്ഛനമ്മമാരാണ് കുട്ടികളെ പേടിപ്പിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യിക്കുന്നത്. എന്നാലിതാ വീട്ടുകാരെ വിറപ്പിച്ച കുരുന്നിന്‍റെ വാര്‍ത്തയാണ് ചൈനയിലെ ലാങ്ഷുവില്‍ നിന്ന് പുറത്തുവരുന്നത്. ചൈനീസ് പുതുവര്‍ഷത്തില്‍ കൈനീട്ടമായി കിട്ടിയ 'ഭാഗ്യപ്പണം' അച്ഛന്‍ എടുത്തതോടെയാണ് കുട്ടി ഫോണില്‍ വിളിച്ച് പൊലീസിനെ വിവരമറിയിച്ചത്. 'എന്‍റെ വീട്ടിലൊരു ചീത്ത മനുഷ്യനുണ്ട്, അയാള്‍ എന്നെ കൊള്ളയടിച്ച് പൈസ മോഷ്ടിച്ചു, ഓടിവന്ന് രക്ഷിക്കണേ എന്നായിരുന്നു കുരുന്നിന്‍റെ പരാതി പറച്ചില്‍. കുട്ടിയുടെ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച പൊലീസ്, പിന്നില്‍ നിന്നും ' എടാ വിരുതാ, നീ ശരിക്കും പൊലീസിനെ വിളിച്ചോ?' എന്ന് അച്ഛന്‍ ചോദിക്കുന്നതും കേട്ടു.
കുട്ടിപ്പരാതി ഗൗരവത്തിലെടുത്ത പൊലീസ് അതിവേഗത്തില്‍ കുരുന്നിന്‍റെ വീട്ടിലെത്തി. 'പൊലീസ് മാമന്‍ വേഗം വന്നല്ലോ! വേഗം ഈ കള്ളനെ പിടിക്കൂ' എന്നായിരുന്നു കുരുന്നിന്‍റെ ആവശ്യം. പൊലീസ് വീട്ടിലെത്തിയത് കണ്ട് കുട്ടിയുടെ അച്ഛന്‍ ശരിക്കും ഞെട്ടി. പൊലീസിനോട് ക്ഷമാപണം നടത്തിയ അദ്ദേഹം, മകന്‍ ശരിക്കും പൊലീസിനെ വിളിക്കുമെന്ന് താന്‍ കരുതിയില്ലെന്നും വിശദീകരിച്ചു. ഒടുവില്‍ പണം അച്ഛന്‍ തന്നെ സൂക്ഷിക്കട്ടെയെന്നും എപ്പോള്‍ ചോദിച്ചാലും ആവശ്യങ്ങള്‍ക്കായി നല്‍കുമെന്നും അറിയിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്.
ചൈനീസ് വിശ്വാസം അനുസരിച്ച് പുതുവര്‍ഷപ്പിറവിയില്‍ മുതിര്‍ന്നവര്‍ ഇളയവര്‍ക്കും കുട്ടികള്‍ക്കും ചുവന്ന കവറിലാക്കി കുറച്ച് പണം കൈനീട്ടമായി നല്‍കും. വര്‍ഷം മുഴുവന്‍ ഐശ്വര്യത്തോടെയും സമൃദ്ധിയോടെയും ഇരിക്കാന്‍ കഴിയട്ടെ എന്ന ആശംസയുടെ പ്രതീകമാണത്. കുട്ടികള്‍ക്ക് ലഭിക്കുന്ന കൈനീട്ടമെല്ലാം സാധാരണഗതിയില്‍ മാതാപിതാക്കളാണ് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ സൂക്ഷിക്കുന്നതിനായി മകന്‍റെ കസ്റ്റഡിയില്‍ നിന്ന് കൈനീട്ടം പിതാവ് എടുത്തതാണ് സംഭവമെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് വിശദീകരിക്കുന്നു.