യാത്രക്കാര്‍ക്ക് ഡ്രസ് കോഡുമായി വിമാന കമ്പനി. യുഎസ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍സായ സ്പിരിറ്റ് എയര്‍ലൈന്‍സാണ് മാന്യമായി വസ്ത്രം ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ശരീരത്തിലെ ടാറ്റുവും യാത്രക്കാര്‍ക്ക് ഇനി വിമാന യാത്രയില്‍ പ്രശ്നമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജനുവരി 22 ന് പുറത്തിറക്കിയ യാത്രക്കാർക്കായുള്ള എയർലൈനിന്‍റെ പുതുക്കിയ നിര്‍ദ്ദേശത്തിലാണ് മാറ്റങ്ങളുള്ളത്.
നഗ്നപാദനായോ അല്ലെങ്കിൽ വേണ്ടത്ര വസ്ത്രം ധരിക്കാതെയോ യാത്രക്കാരെ വിമാനത്തില്‍ കയറ്റില്ലെന്നാണ് അറിയിപ്പ്. അശ്ലീല സ്വഭാവമുള്ളതോ നിന്ദ്യമായതോ ആയ ടാറ്റൂകളും അനുവദിക്കില്ലെന്നും കമ്പനിയുടെ അറിയിപ്പിലുണ്ട്. ഇവ മറച്ച് മാത്രമെ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കയുള്ളൂ എന്നാണ് കമ്പനിയുടെ അറിയിപ്പ്. എന്താണ് മാന്യമായ രീതിയിലുള്ള വസത്രധാരണമെന്നും കമ്പനി നിര്‍വചിച്ചിട്ടുണ്ട്. സ്തനങ്ങള്‍, നിതംബങ്ങൾ, മറ്റ് സ്വകാര്യ ഭാഗങ്ങൾ എന്നിവ കൃത്യമായ രീതിയില്‍ മറച്ചവരെ മാത്രമെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
ഇത് ആദ്യമായല്ല വിമാന യാത്രക്കാര്‍ക്ക് ഫാഷന്‍ പ്രശ്നമാകുന്നത്. പലര്‍ക്കും വസ്ത്രത്തിന്‍റെ പേരില്‍ ബോർഡിംഗ് നിരസിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബറില്‍ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ താര കെഹ്ഡി എന്ന യുവതിയും സുഹൃത്തുക്കളെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടത് ക്രോപ് ടോപ്പ് ധരിച്ചതിന്‍റെ പേരിലായിരുന്നു. സ്ട്രാപ്പ്ലെസ് റോമ്പര് മറക്കാത്തതിന് 2019 തില്‍ യുവതിക്ക് യാത്ര നിഷേധിച്ച സംഭവത്തില്‍ അമേരിക്കൻ എയർലൈൻസ് യാത്രക്കാരിയോട് ക്ഷമാപണം നടത്തിയിരുന്നു.
ഫ്ലോറിഡയിലെ മിരാമാര്‍ ആസ്ഥാനമുള്ള അമേരിക്കൻ ലോ കോസ്റ്റ് കാരിയറാണ് സ്പിരിറ്റ് എയർലൈൻസ്. അമേരിക്കയിലും കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലേക്കുമാണ് കമ്പനി സർവീസ് നടത്തുന്നത്.