
ലോകത്തെ അതിസമ്പന്നന്‍മാരില്‍ ഒന്നാമനായി സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക്. 40,000 കോടിയിലേറെ യുഎസ് ഡോളറാണ് മസ്കിന്‍റെ ആസ്തി. യുഎസ് പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മസ്കിന്‍റെ സമ്പത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്. മസ്കിന്‍റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്പേസ് എക്സിന്‍റെ ഓഹരികളില്‍ നിന്ന് മാത്രം 50 ബില്യണ്‍ ഡോളറിന്‍റെ ആസ്തി വര്‍ധനവാണ് മസ്കിനുണ്ടായത്. ടെസ്‍ലയുടെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലായതോടെ മസ്കിന്‍റെ ആസ്തി 447 ബില്യണ്‍ ഡോളറായി ഉയരുകയായിരുന്നു.
ഒറ്റദിവസം കൊണ്ട് മാത്രം 62.8 ബില്യന്‍ ഡോളറിന്‍റെ വര്‍ധനവ് നേടിയ സമ്പന്നനെന്ന റെക്കോര്‍ഡും മസ്കിന് സ്വന്തം. ഒപ്പം ലോകത്തെ 500 അതിസമ്പന്നന്‍മാരുടെ സംയോജിത ആസ്തി 10 ട്രില്യണിലേറെ വര്‍ധിക്കുന്നതിനും മസ്കിന്‍റെ കുതിപ്പ് സഹായിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ജര്‍മനി, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദന( GDP)ത്തോളമാണ് ഈ സംയോജിത ആസ്തിയെന്നും കണക്ക് വ്യക്തമാക്കുന്നു.
218 ബില്യണ്‍ യുഎസ് ഡോളറാണ് ഈ വര്‍ഷം മാത്രം മസ്ക് സ്വന്തം സ്വത്തില്‍ ഇതുവരെ കൂട്ടിച്ചേര്‍ത്തത്. മറ്റൊരു ധനാഢ്യനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 2021ലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ടെസ്‍ലയുടെ ഓഹരികള്‍ ഇതാദ്യമായി 71 ശതമാനം നേട്ടമുണ്ടാക്കിയതോടെയാണ് മസ്കിന്‍റെ തലവര ഒന്നുകൂടി തെളിഞ്ഞത്.
ഇലക്ട്രിക് വാഹനങ്ങളുടെ ടാക്സ് ക്രെഡിറ്റ് മാറ്റുന്നതിനായി ഡ്രൈവറില്ലാക്കാറുകള്‍ ട്രംപ് പ്രോല്‍സാഹിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ടെസ്‍ലയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. ട്രംപ് സര്‍ക്കാരില്‍ മസ്ക് സുപ്രാധാന പദവിയിലേക്ക് എത്തിയതും വിപണിയില്‍ മസ്കിന്‍റെ കീശ വീര്‍പ്പിച്ചു.
മസ്കിന്‍റെ നിര്‍മിത ബുദ്ധി സ്റ്റാര്‍ട്ടപ് ആയ എക്സ് എഐയുടെ മൂല്യം മേയില്‍ തുടങ്ങിയതിനെക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു. ട്രംപിന്‍റെ വിജയമാണ് ഈ നേട്ടത്തിനും കാരണമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. 1.25 ബില്യണ്‍ ഡോളറിന്‍റെ ഓഹരികള്‍ തൊഴിലാളികളില്‍ നിന്നും കമ്പനിക്ക് പുറത്തുള്ളവരില്‍ നിന്നും വാങ്ങുന്നതിനായി സ്പേസ് എക്സും നിക്ഷേപകരും സന്നദ്ധത അറിയിച്ചിരുന്നു. ബഹിരാകാശ രംഗത്ത് നിര്‍ണായക നേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന സ്പേസ് എക്സിന്‍റെ മൂല്യം 350 ബില്യണ്‍ ഡോളറോളമായി.
നിലവില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വകാര്യ സ്റ്റാര്‍ട്ടപും സ്പേസ് എക്സാണ്. യുഎസ് സര്‍ക്കാരുമായുള്ള കരാറുകളാണ് പ്രധാനമായും സ്പേസ് എക്സിന്‍റെ വരുമാനം. ട്രംപ് അധികാരമേല്‍ക്കുന്നതോടെ ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസ്കിന്‍റെ ബഹിരാകാശ പരീക്ഷണ ആശയങ്ങളെ ട്രംപ് പ്രചാരണ സമയം മുതല്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. ടെക്സസില്‍ നടന്ന വിക്ഷേപണം കാണാനും ട്രംപ് എത്തിയിരുന്നു. ലോകത്തെ ഏറ്റവും നവീനമായ ആശയങ്ങള്‍ നടപ്പിലാക്കുന്ന സ്ഥാപനമെന്നായിരുന്നു നാസ തലവനായി ട്രംപ് നിശ്ചയിച്ച ജാര്‍ഡ് ഇസാക്മന്‍ സ്പേസ് എക്സിനെ വിശേഷിപ്പിച്ചത്.