സിറിയയില്‍ ബഷാര്‍ അല്‍ അസദ് ഭരണം അവസാനിപ്പിച്ച് വിമതസേന. തലസ്ഥാനമായ ഡമാസ്കസ് പിടിച്ചടക്കിയതിന് പിന്നാലെയാണ് വിമതസേനയുടെ പ്രഖ്യാപനം. പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന് സൈന്യം സ്ഥിരീകരിച്ചു.
24വര്‍ഷം നീണ്ട ബഷാര്‍ അല്‍ അസദ് ഭരണത്തിന് അന്ത്യം കുറിച്ചാണ് അല്‍ ഖായിദയുടെ ഉപസംഘടനയായ ഹയാത്ത് തഹ്‍രീര്‍ അല്‍ ഷംസ് എന്ന പേരിലുള്ള വിമതസേന സിറിയ പിടിച്ചത്. വടക്കുകിഴക്കന്‍ നഗരമായ അലപ്പോ, മധ്യമേഖലയിലെ ഹമ, ഹുംസ് എന്നിവ പിടിച്ചടക്കിയ ശേഷമാണ് വിമതര്‍ ഡമാസ്കസിലേക്ക് കടന്നത്. വിമതമുന്നേറ്റം ഭയന്ന് ഔദ്യോഗിക സൈന്യ രക്ഷപെട്ടതിനാല്‍ തലസ്ഥാനനഗരിയില്‍ ചെറുത്തുനില്‍പ്പില്ലായിരുന്നു. പ്രാദേശിക സമയം രാവിലെ അഞ്ച് മണിയോടെ സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദ് രാജ്യത്തുനിന്ന് വിമാനമാര്‍ഗം രക്ഷപെട്ടെന്നാണ് റിപ്പോര്‍ട്ട്. വിമതസേന തലസ്ഥാനമായ ഡമാസ്കസിലേക്ക് കടന്നതിന് പിന്നാലെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.
ജയിലുകളിലുണ്ടായിരുന്ന വിമതസേനയുടെ ഭാഗമായിരുന്നവരെ മോചിപ്പിക്കുകയും സര്‍ക്കാര്‍ മന്ദിരങ്ങളടക്കം പിടിച്ചടക്കുകയും ചെയ്തു. സിറിയയുടെ ഔദ്യോഗിക സൈനികര്‍ക്ക് അഭയം നല്‍കിയതായി ഇറാഖ് സ്ഥിരീകരിച്ചു. പ്രസിഡന്റ് രാജ്യം വിട്ടെങ്കിലും പ്രധാനമന്ത്രി മുഹമ്മദ് ഗാസി അല്‍ ജലാലി ഡമാസ്കസില്‍ തുടരുകയാണ്. വിമതരുമായി അല്‍ ജലാലി സഹകരിക്കുമെന്നാണ് വിവരം. അതേസമയം, എടിഎമ്മുകള്‍ക്ക് മുന്നില്‍ പണം പിന്‍വലിക്കാന്‍ ജനങ്ങളുടെ നീണ്ട നിരയാണ്. അത്യാവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സിറിയയില്‍ സൈനികതാവളങ്ങളുള്ള, അസദ് സര്‍ക്കാരിന്‍റെ സുഹൃത്തായ റഷ്യയെ ക്ഷീണിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ശ്രമമാണ് വിമതമുന്നേറ്റമെന്നാണ് വിമര്‍ശനം. സിറിയയില്‍ സ്ഫോടനാത്മകമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് റഷ്യ, സൗദിഅറേബ്യ, ഇറാഖ്, ഇറാന്‍,തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അസാദ് ഭരണത്തിന് അന്ത്യം കുറിച്ചതില്‍ ആഘോഷിച്ച് ജനം പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.