അലപ്പോയിലൂടെ നീങ്ങുന്ന വിമതര്‍ (AFP)
ആഭ്യന്തര കലഹവും കലാപവും രൂക്ഷമായ സിറിയയില്‍ നിന്നും എത്രയും വേഗം മടങ്ങണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം. പരമാവധി വേഗത്തില്‍ ലഭ്യമായ വിമാനങ്ങളില്‍ സിറിയ വിടണമെന്നും അടിയന്തര ആവശ്യങ്ങളുള്ളവര്‍ എംബസിയെ ബന്ധപ്പെടണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളെ തുടര്‍ന്ന് സിറിയയില്‍ തന്നെ തുടരുന്നവര്‍ പരമാവധി സുരക്ഷിതസ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും എംബസി വ്യക്തമാക്കി.
സിറിയയിലേക്ക് യാത്രാവിലക്കും ഇന്ത്യ ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്ക് യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ എംബസിയുടെ ദമാസ്കസിലെ എമര്‍ജന്‍സി ഹെല്പ്ലൈന് നമ്പരുകളും പ്രസിദ്ധീകരിച്ചു. +963 993385973. ഈ നമ്പറില്‍ വാട്സാപ് മുഖേനെയും സഹായം അഭ്യര്‍ഥിക്കാം. ഇതിന് പുറമെ hoc.damascus@mea.gov.in എന്ന ഇമെയില്‍ ഐഡിയും എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റഷ്യയുടെയും ഇറാന്‍റെയും പിന്തുണയുള്ള ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ വിമതര്‍ ശക്തമായ കലാപം ഉയര്‍ത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്. വിമതര്‍ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ആഴ്ചയും ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ മറിച്ചിടാന്‍ വിമതര്‍ നീക്കം നടത്തിയിരുന്നു. നിലവില്‍ പല പട്ടണങ്ങളുടെയും നിയന്ത്രണം വിമതരുടെ കൈവശമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹാമയില്‍ നിന്നും പലായനം ചെയ്യുന്ന കുടുംബം (AFP)
അലപ്പോയും ഹാമയുമാണ് നിലവില്‍ വിമതരുടെ കൈവശമുള്ള പ്രധാന നഗരങ്ങള്‍. 2011 ല്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ഇതാണ് സ്ഥിതിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹോം നഗരം കൂടി വിമതരുടെ പിടിയിലായാല്‍ അസദ് സര്‍ക്കാര്‍ വീണേക്കും. ഹോമിന്‍റെ അഞ്ച് കിലോമീറ്റര്‍ മാത്രമകലെയാണ് നിലവില്‍ വിമതര്‍ ഉള്ളതെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.