ജാപ്പനീസ് നടിയെ വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നടിയും ഗായികയുമായ മിയോ നകയാമയെയാണ് വീടിനുളളിലെ ബാത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 54 വയസായിരുന്നു. താരത്തിന്‍റെ ടീം തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. നേരത്തെ നിശ്ചയിച്ചത് പ്രകാരമുളള ഒരു സംഗീത പരിപാടിക്ക് താരം എത്താതായതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. നടിയുടെ മരണകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ്മസിനോട് അനുബന്ധിച്ച് വെളളിയാഴ്ച ഒസാക്കയില്‍ ഒരു സംഗീതപരിപാടി നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ മൂലം ക്യാന്‍സല്‍ ചെയ്തതതായി താരത്തിന്‍റെ ടീം വൈബ്സൈറ്റിലൂടെ അറിയിച്ചിരുന്നു. പിന്നീട് തീരുമാനിച്ചുറപ്പിച്ച മറ്റൊരു പരിപാടിക്ക് താരം എത്താതായതോടെ ടീം അംഗങ്ങളിലൊരാള്‍ നടിയെ തിരക്കി വീട്ടിലെത്തി. വീടിന്‍റെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടതോടെ സംശയം തോന്നിയ ടീം അംഗം എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പാരാമെഡിക് സംഘം സ്ഥലത്തെത്തി വീട്ടിനുളളില്‍ പരിശോധിച്ചപ്പോഴാണ് താരത്തെ ബാത് ടബ്ബിലെ വെളളത്തില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിരവധി ആരാധകരുളള നടിയാണ് മിയോ നകയാമ. 80കളിലും 90കളിലുമാണ് താരം ഏറെ പ്രശസ്തിയാര്‍ജിച്ചത്. 1995ല്‍ പുറത്തിറങ്ങിയ ലവ് ലെറ്റര്‍ താരത്തിന് ആഗോളതലത്തില്‍ വലിയ സ്വീകാര്യതനേടിക്കൊടുത്ത ചിത്രമാണ്. ഗായിക എന്ന നിലയിലും പ്രശസ്തിയാര്‍ജിച്ച മിയോ നകയാമ ജെ പോപ്പ് താരം കൂടിയാണ്.