മാധ്യമപ്രവർത്തക തമുന മുസെരിഡ്‌സെ ഫെയ്‌സ്ബുക്കിലൂടെ സ്വന്തം പിതാവിനെ കണ്ടെത്തിയ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വർഷങ്ങളായി ഫെയ്സ്ബുക്ക് ഫ്രണ്ടായിരുന്ന ആളാണ് അച്ഛനെന്നറിഞ്ഞ ഞെട്ടലിലാണ് ഇപ്പോഴും അവര്‍. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിയാതെയായിരുന്നു സ്വന്തം പിതാവ് തമുനയെ എഫ്ബിയിൽ ഫോളോ ചെയ്തിരുന്നത്. പ്രസവശേഷം തന്നെ ഉപേക്ഷിച്ച അമ്മയെയാണ് തമുന ആദ്യം കണ്ടെത്തിയത്. പിന്നീടാണ് ആ അമ്മ വഴി അച്ഛനെ കണ്ടുപിടിച്ചത്.
ജോര്‍ജിയയിലാണ് സംഭവം. വർഷം 2016. 70 വസയ് കഴിഞ്ഞ ഒരു സ്ത്രീ മരണപ്പെടുന്നു. ഓർമ്മ വെച്ച കാലം മുതൽ തമുന അവരുടെ മകളാണ്. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ തന്‍റെ ജനന സര്‍ട്ടിഫിക്കറ്റ് തമുന കാണാനിടയായി. പരിശോധിച്ചപ്പോള്‍ അതിലെ ജനനത്തീയതി തന്‍റേതല്ലെന്ന് ബോധ്യപ്പെട്ടു . ഇതെങ്ങിനെ സംഭവിച്ചു എന്നായി പിന്നീടുള്ള അന്വേഷണം. പലവഴി പരിശോധിച്ചതില്‍ നിന്ന് മരിച്ചുപോയസ്ത്രീ തന്നെ ദത്തെടുത്തതാണെന്ന് തമുനയ്ക്ക് ബോധ്യപ്പെട്ടു.
എങ്കില്‍ യഥാര്‍ഥ മതാപിതാക്കള്‍ ആരെന്ന് കണ്ടെത്തണമെന്ന വാശിയിലായി തമുന. അതിനായി ഒരു ഫയ്സ് ബുക്ക് പേജ് തുടങ്ങി . അന്വേഷണത്തിന്‍റെ ഭാഗമായിട്ട ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ കണ്ട് ഒരുയുവതി അവളെ ഫോണ്‍ ചെയ്തു. തന്‍റെ പരിചയത്തിലുള്ള ഒരു പ്രായമായ സ്ത്രീ ആ തീയതിയിൽ ഒരു കുഞ്ഞിനെ പ്രസവിച്ചുവെന്നും, പീന്നീട് ആ കുഞ്ഞിനെ ആരും കണ്ടിട്ടില്ലെന്നും അവര്‍ തമുനയെ അറിയിച്ചു ഒപ്പം ആ സ്ത്രീയുടെ പേരും വിശദാംശങ്ങളും പങ്കിടുകയും ചെയ്തു. താൻ അമ്മയിലേക്ക് അടുക്കുകയാണെന്ന് അതോടെ അവളുടെ മനസ് മന്ത്രിച്ചു..
സമൂഹമാധ്യമങ്ങളില്‍ ഒരുപാട് അന്വേഷിച്ചിട്ടും ആ സ്ത്രീയെപ്പറ്റി ഒരു വിവരവും ലഭിച്ചില്ല. ഒടുവിൽ ഈ വിവരങ്ങളെല്ലാം വെച്ച് തമുന ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. അതോടെ തമുനയുടെ അമ്മയെന്ന് കരുതുന്ന സ്ത്രീ മറനീക്കി പുറത്തുവന്നു . എന്നാല്‍ അവര്‍ തമുനപറഞ്ഞതൊന്നും അംഗീകരിക്കാന്‍ തയ്യാറായില്ല. അമ്മയല്ലെന്ന് അവര്‍ തറപ്പിച്ച് പറയുകയും ചെയ്തു . ഒടുവില്‍ കാര്യങ്ങള്‍ നിയമത്തിന്‍റെ വഴിക്ക് നീങ്ങി . ഡിഎന്‍എ പരിശോധനയില്‍ അവര്‍ തന്നെയാണ് തമുനയുടെ അമ്മയെന്ന് തെളിയിക്കപ്പെട്ടു. അതോടെ ആ സ്ത്രീ സത്യങ്ങള്‍ എറ്റുപറഞ്ഞു.
ഇനി കണ്ടെത്തേണ്ടത് അച്ഛനെയാണ്. അതെളുപ്പമാണ് താനും.. അമ്മ അതാരാണെന്ന് പറയുക മാത്രമേ വേണ്ടൂ.. ആ രഹസ്യവും അമ്മയെക്കൊണ്ട് അവൾ പറയിച്ചു. ഇനിയാണ് ശരിക്കുള്ള ട്വിസ്റ്റ് . അതുപക്ഷേ ഒരൊന്നൊന്നര ട്വിസ്റ്റായിരുന്നു! പിതാവിനായുള്ള തിരച്ചിൽ അവളെ കൊണ്ടെത്തിച്ചത് തന്‍റെ ഫെയ്സ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റില്‍ തന്നെ . അതിലുണ്ടായിരുന്നു അച്ഛന്‍. ഗുര്‍ഗന്‍ കൊറാവ.
അവൾ അച്ഛന് ഒരു മെസേജയച്ചു. എനിക്ക് നിങ്ങളേ നേരിട്ടുകാണണം, അത്യാവശ്യമാണ്. അങ്ങനെ അച്ഛനും മകളും കണ്ടുമുട്ടി. 'തന്നെ നേരിൽ കണ്ട നിമിഷം തന്നെ അച്ഛന് തന്നെ തിരിച്ചറിയാനായി' എന്നാണ് തമുനയുടെ വാക്കുകള്‍. തമുനയുടെ അമ്മ ഗർഭം ധരിച്ചത് പോലും തന്നെ അറിയിച്ചിട്ടില്ലെന്ന് അയാള്‍ മകളോട് പറഞ്ഞു. ഇങ്ങനെയൊരു മകളുള്ള കാര്യം പോലും ഇപ്പോഴാണ് അറിയുന്നതെന്നും അയാള്‍ വ്യക്തമാക്കി.
എന്തുകൊണ്ടാണ് തമുനയുടെ അമ്മ ആദ്യം അവളെ അംഗീകരിക്കാന്‍ തയ്യാറാവാത്തത്. ആ ചോദ്യത്തിനുത്തരവും തമുന അവരെക്കൊണ്ടുതന്നെ പറയിച്ചു. ഗുര്‍ഗന്‍ കൊറാവയുമായി ഏറെ നാളത്തെ പ്രണയ ബന്ധമൊന്നും ആ സ്ത്രീക്കുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഒരു നാള്‍ അയാളെ കാണുകയും, ശാരീരീക ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. ഗര്‍ഭിണിയാകുമെന്നൊന്നും കരുതിയതുമില്ല. എന്നാല്‍ തന്‍റെ വയറ്റില്‍ ഒരു കുഞ്ഞു വളരുന്നുണ്ടെന്ന് അറിഞ്ഞതോടെ, അപമാനം കൊണ്ട് അവരത് രഹസ്യമാക്കി വെച്ചു. ഒടുവിൽ, ആരാരുമറിയാതെ മകള്‍ക്ക് ജന്മം നൽകി. കുഞ്ഞിനെ ദത്ത് നൽകാനുള്ള എല്ലാ പേപ്പറുകളും ശരിയാക്കി, അവളെ ഉപേക്ഷിച്ചാണ് ആ അമ്മ വെറും കൈയ്യോടെ തിരികെ വീട്ടിലെത്തിയത്.
ഇക്കാര്യം പുറത്തറിയരുതെന്ന് അവര്‍ തന്‍റെ മകളോട് ആവശ്യപ്പെട്ടു. പ്രസവിച്ച കുട്ടി മരിച്ചുപോയെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച്, കുഞ്ഞുങ്ങളെ കടത്തുന്ന വന്‍ സംഘം അന്ന് ജോർജ്ജിയയിൽ സജീവമായിരുന്നു. ഒട്ടേറെ കേസുകള്‍ പില്‍ക്കാലത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തില്‍ കുഞ്ഞ് നഷ്ടമായതാണെന്നേ പുറത്തറിയാവൂ എന്നായിരുന്നു ആ അമ്മയുടെ നിര്‍ബന്ധം. തമുന അങ്ങനെ ഒരു കള്ളം പറയാൻ തയ്യാറായില്ല. ലോകത്തോട് അവള്‍ സത്യം വെളിപ്പെടുത്തി. പിന്നീടിതുവരെ തമുനയോട് സംസാരിക്കാന്‍ അവളുടെ അമ്മ തയ്യാറായിട്ടില്ല.