ഫോട്ടോ: റോയിറ്റേഴ്സ്
വലന്‍സിയയില്‍ പെയ്ത കനത്ത മഴ മിനിറ്റുകള്‍ക്കുള്ളിലാണ് സ്പെയ്നിനെ വെള്ളത്തിലാക്കിയത്. ഡാന പ്രതിഭാസമാണ് സ്പെയ്നിനെ പിടിച്ചുകുലുക്കിയ പ്രളയത്തിന് കാരണം. 217 പേര്‍ പ്രളയത്തില്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്യോഗിക കണത്ത്. ഇതില്‍ 211 പേരും കിഴക്കന്‍ വലന്‍സിയയില്‍ ഉള്ളവരാണ്. 89 പേരെ കാണാനില്ല.
ഫോട്ടോ: എഎഫ്പി
ആയിരക്കണക്കിന് ആളുകളുടെ ജീവനോപാധികള്‍ ഇല്ലാതാക്കിയാണ് പ്രളയം കടന്നു പോയത്. ചൂടുള്ളതും തണുത്തതുമായ വായു തമ്മില്‍ ഇടകലര്‍ന്ന് മഴമേഘങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിഭാസമാണ് ഡാന. ഈ പ്രതിഭാസം ശക്തമായ മഴയ്ക്ക് കാരണമാകുന്നു. ഹൈ ആള്‍ട്ടിറ്റ്യൂഡ് ഐസലേറ്റഡ് ഡിപ്രഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
1967ന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും തീവ്രമായ പ്രളയങ്ങളിലൊന്നായി ഇത് മാറി. ഉഷ്ണജലത്തിന് മുകളില്‍ തണുത്ത കാറ്റ് വീശുന്നതാണ് ഡാന പ്രതിഭാസത്തിന് കാരണമാകുന്നത്. ഇതിലൂടെ ചൂടുള്ള വായു പൊങ്ങും. ശക്തമായ മഴ ലഭിക്കാന്‍ പാകത്തിലുള്ള ജലസമ്പത്തുള്ള മേഘങ്ങള്‍ രൂപപ്പെടാന്‍ ഇത് ഇടയാക്കും. ഈ മേഘങ്ങള്‍ ദീര്‍ഘ നേരത്തേക്ക് ഒരു മേഖലയില്‍ സ്ഥിതി ചെയ്യും.
ഫോട്ടോ: എഎഫ്പി
ഒരു വര്‍ഷത്തില്‍ പെയ്യേണ്ട മഴ എട്ട് മണിക്കൂറില്‍ പെയ്തതായാണ് കണക്കാക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. നിരവധി വാഹനങ്ങളാണ് പ്രളയത്തില്‍ ഒഴുകിപ്പോയത്. പൊലീസും ഫയര്‍ ഫൈറ്റേഴ്സും പട്ടാളക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.