തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്‍റെ പുതിയ തലവന്‍ യഹ്യ സിന്‍വാറിനെ വധിച്ചുവെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം. യഹ്യ സിന്‍വറിന്റേതെന്ന പേരില്‍ മുറിവേറ്റ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
യഹ്യ സിന്‍വാറിന്‍റെ അവസാന നിമിഷങ്ങളെന്ന പേരില്‍ ഡ്രോണ്‍ ദൃശ്യങ്ങളും ഇസ്രയേല്‍ പുറത്തുവിട്ടു. ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്‍റെ അവസാനം ഇങ്ങനെയായിരുന്നുവെന്നാണ് ഇസ്രയേല്‍ പറയുന്നത്. തകര്‍ന്നുതരിപ്പണമായി കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു സോഫയില്‍ ഇരിക്കുന്ന സിന്‍വാറിനെയാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്. കയ്യില്‍ ഇരുന്ന വസ്തു സിന്‍വാര്‍ ഡ്രോണിനു നേരെ എറിയുന്നുണ്ട്.
ഓഗസ്റ്റില്‍ ഇറാനില്‍വെച്ച് ഇസ്മയേല്‍ ഹനിയയെ കൊലപ്പെടുത്തിയതോടെയാണ് അറുപത്തിരണ്ടുകാരനായ യഹ്യ സിന്‍വാര്‍ ഹമാസിന്‍റെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരില്‍ ഒരാളാണ് യഹ്യ സിന്‍വാറെന്നാണ് ഇസ്രയേല്‍ വാദം.