ഇസ്രയേൽ ചരിത്രത്തിൽ ഇതുവരെ നേരിട്ട ഏറ്റവും വലിയ മിലിട്ടറി ആക്രമണമായിരുന്നു ചൊവ്വാഴ്ച ഇറാനിൽ നിന്നുണ്ടായത്. 180 മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടതെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിക്കുന്നത്. രാജ്യത്തൊട്ടാകെ സൈറൺ മുഴക്കി ജനങ്ങളെ ബോംബ് ഷെൽട്ടറിലേക്ക് മാറ്റാൻ ഇസ്രയേലിനായെങ്കിലും ഇറാന്റെ മിസൈലുകൾ കെട്ടിടങ്ങൾക്കടക്കം നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ജറുസലേമിലും ജോർദാൻ പുഴയോരത്തുമാണ് സ്ഫോടനങ്ങളുണ്ടായത്. വെസ്റ്റ് ബാങ്കിലാണ് ഒരു മരണം സ്ഥിരീകരിച്ചത്.
Also Read: ഇറാന്റെ തിരിച്ചടി എത്തിയത് 12 മിനിറ്റ് കൊണ്ട്; ഇസ്രയേൽ പ്രതിരോധം ഇങ്ങനെ
ഇസ്രയേലിന്റെ സൈനിക താവളങ്ങളെയാണ് ആക്രമിച്ചതെന്നാണ് ഇറാൻ സൈന്യം വ്യക്തമാക്കിയത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലുള്ള മൂന്ന് സൈനിക കേന്ദ്രങ്ങളായിരുന്നു ഇറാൻ റവല്യൂഷനറി ഗാർഡ്സിന്റെ ഉന്നം. ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ലയുടെ വധത്തിനും ഗസയിലും ലബനനിലും നടക്കുന്ന ഇസ്രയേൽ അതിക്രമങ്ങൾക്കും എതിരെയാണ് നടപടിയെന്നും ഇറാൻ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ, ഇറാൻ ക്ഷമിക്കാനാവാത്ത കുറ്റം ചെയ്തു. വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളോട് നെതന്യാഹുവിൻറെ പ്രതികരണം.
ഇസ്രയേലിന്റെ ഏത് ആക്രമണവും വിനാശകരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്നും ആക്രമണത്തിൽ ഭാഗമാകുന്ന ഇസ്രയേലി സഖ്യകക്ഷികളെയും ലക്ഷ്യമിടുമെന്നും ഇറാൻ സൈന്യം വ്യക്തമാക്കി. ഇത് ഇറാനും അമേരിക്കയും തമ്മിൽ യുദ്ധ ആശങ്കയും ശക്തമാക്കി. ഇസ്രയേലിനെതിരായ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇറാനെ ആക്രമിക്കാൻ റിപബ്ലിക്കുകാർ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടമുണ്ട്.
Also Read: 'ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരും; ക്ഷമിക്കാനാവാത്ത കുറ്റം'; ഭീഷണി മുഴക്കി നെതന്യാഹു
ചൊവ്വാഴ്ച ഇസ്രയേലിൽ ചെന്ന് പതിച്ചത് ഇറാന്റെ ഹൈപ്പർ സോണിക് ഫത്താഹ് മിസൈലുകളാണ്. ആദ്യമായാണ് ഇറാൻ ഫത്താഹ് മിസൈലുകളെ ഉപയോഗിക്കുന്നത്. 90 ശതമാനത്തോളം മിസൈലുകളും ലക്ഷ്യസ്ഥാനത്തെത്തി എന്നാണ് ഇറാൻ സൈന്യത്തിന്റെ അവകാശവാദം. തെക്കൻ ഇസ്രയേലിൽ നേരിയ നാശനഷ്ടമുണ്ടാക്കി എന്ന് ഇസ്രയേൽ വ്യക്തമാക്കുന്നു. ഗെദേര നഗരത്തിൽ സ്കൂളിന് കേട്പാട് പറ്റിയ വിഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു.
ഇറാൻ മിസൈലുകളെ അന്തരീക്ഷത്തിൽ വച്ചു തന്നെ തടയാൻ സാധിച്ചു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം അമേരിക്കയുടെ സഹായത്തോടെയായിരുന്നു ചൊവ്വാഴ്ച മിസൈലുകളെ പ്രതിരോധിച്ചത്. യുഎസ്എസ് ബൾക്ക്‌ലി, യുഎസ്എസ് കോൾ എന്നിവയിൽ നിന്നും യുഎസ് നേവി ഒരു ഡസനോളം ഇൻ്റർസെപ്റ്ററുകൾ പ്രയോഗിച്ചതായാണ് പെന്റഗൺ വ്യക്തമാക്കിയത്.