ഇസ്രയേലിലേക്ക് ഇറാന്‍ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സേന. നൂറുകണക്കിന് മിസൈലുകള്‍ അയച്ചെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ്. 80 ശതമാനം ലക്ഷ്യം കണ്ടെന്നും ഇറാന്‍. ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന്‍. ഇറാന്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈന്യം. ഇറാന്‍ മിസൈലുകള്‍ തകര്‍ത്തെന്നും സൈന്യം. ഇസ്രയേലിലെ സ്ഥിതി വിലയിരുത്തി ബൈഡനും കമല ഹാരിസും. ഇസ്രയേലിനെ സഹായിക്കാന്‍ യു.എസ് സേനയ്ക്ക് നിര്‍ദേശം. ബങ്കറുകളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. അതിനിടെ ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിന് സമീപം ജാഫയില്‍ വെടിവയ്പ് ഉണ്ടായി. നാലുപേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഭീകരാക്രമണമെന്ന് സൂചന.
അതേസമയം, ഇസ്രയേലിനുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് ഇസ്രയേല്‍. വ്യോമപ്രതിരോധ സംവിധാനം സജ്ജം. ആക്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ സൈന്യം. ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി ജോര്‍ദാനും ഇറാഖും.
തെക്കൻ ലബനനിൽ കരയുദ്ധം ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ രാത്രി അതിര്‍ത്തി കടന്നുള്ള കരയുദ്ധം തുടങ്ങിയ ഇസ്രയേല്‍ ഹിസ്ബുല്ല മേഖലകളില്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ലബനനിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒഴിഞ്ഞുപോകുന്നവര്‍ വാഹനം ഒഴിവാക്കണമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം തുടരുന്നു. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനന്‍. സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടു.