Delta planes sit at their gates on June 13, 2022, at Salt Lake City International Airport, in Salt Lake City
ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരെ (എയര്‍ ഹോസ്റ്റസ്) തിരഞ്ഞെടുക്കാന്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍ തയാറാക്കിയ മാര്‍ഗരേഖ വന്‍ വിവാദത്തില്‍. വസ്ത്രധാരണം സംബന്ധിച്ചും കാഴ്ചയില്‍ എങ്ങനെയാകണം എന്നതുസംബന്ധിച്ചുമുള്ള നിബന്ധനകളാണ് പരിഷ്കരിച്ച മാര്‍ഗരേഖയിലുള്ളത്. ‘നല്ല അടിവസ്ത്രം നിര്‍ബന്ധമായും ധരിക്കണം, അഭിമുഖത്തിന്‍റെ സമയത്ത് അത് പുറത്തുകാണരുത്’ എന്നതാണ് നിബന്ധകളില്‍ ഒന്ന്. ‘ഡ്രസ് ഓഫ് സക്സസ്’ എന്നാണ് പുതിയ ഡ്രസ് കോഡിന് കമ്പനി നല്‍കുന്ന വിശേഷണം. ഫ്ളൈറ്റ് അറ്റന്‍ഡന്‍റുമാരെ കമ്പനിയുടെ മുഖമായി ഉയര്‍ത്തിക്കാട്ടുന്നതിനാണ് രണ്ടുപേജുള്ള വിശദമായ ഡ്രസ് കോഡ് തയാറാക്കിയതെന്ന് ഡെല്‍റ്റ വക്താവ് വിശദീകരിച്ചു.
ശരീരത്തില്‍ നന്നായി ഇണങ്ങുന്ന അയഞ്ഞുകിടക്കാത്ത തരത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. മുട്ടുവരെയെങ്കിലും മറയുന്ന വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ. അത്‍ലറ്റിക് ഷൂസ് ഉപയോഗിക്കരുത്. ഒരു ചെവിയില്‍ രണ്ട് കമ്മലുകള്‍ മാത്രം. അതും വിമാനങ്ങളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ലോഹങ്ങളില്‍ നിര്‍മിച്ച ചെറിയ സ്റ്റഡുകള്‍. അടിവസ്ത്രത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, പെരുമാറ്റ രീതിയിലുമുണ്ട് കര്‍ശന നിര്‍ദേശങ്ങള്‍. അഭിമുഖത്തിന്‍റെ സമത്ത് സഭ്യമല്ലാത്ത വാക്കുകള്‍ പറയരുത്, ച്യൂയിങ് ഗം ചവയ്ക്കരുത്, സെല്‍ഫോണുകളോ ഇയര്‍ ബഡുകളോ ഉപയോഗിക്കരുത് എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖ.
ഇനി തിരഞ്ഞെടുക്കപ്പെട്ടാലോ, നിബന്ധനകള്‍ വീണ്ടും കര്‍ശനമാകും. ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാര്‍ക്ക് വൃത്തിയും വ്യക്തിശുചിത്വവും അങ്ങേയറ്റം നിര്‍ബന്ധമാണ്. പ്രത്യേകിച്ചും മുടി, നഖങ്ങള്‍ എന്നിവയ്ക്ക്. മുടിക്ക് സ്വാഭാവിക നിറം മാത്രമേ പാടുള്ളു. തുറിച്ചുനില്‍ക്കുന്ന ഹൈലൈറ്റുകള്‍ ഉപയോഗിക്കരുത്. തോളിന് താഴേക്ക് മുടി വളര്‍ന്നാല്‍ പോണിടെയില്‍, ബണ്‍ തുടങ്ങിയ സ്റ്റൈലുകള്‍ സ്വീകരിക്കണം. നഖം എപ്പോഴും വെട്ടി വൃത്തിയാക്കി വയ്ക്കണം. ബ്രൈറ്റ് ആയതോ പല നിറങ്ങളിലുള്ളതോ ആയ നെയില്‍പോളിഷ് ഉപയോഗിക്കരുത്. നെയില്‍ ആര്‍ട്ടും പാടില്ല. ശരീരത്തില്‍ ടാറ്റൂകളുണ്ടെങ്കില്‍ പുറത്തുകാട്ടരുത്. മുഖത്ത് തുളകളിട്ടുള്ള തമാശകള്‍ വേണ്ട. നിര്‍ബന്ധമെങ്കില്‍ ഒരു ചെറിയ മൂക്കുത്തി ആകാം.
പുതിയ മാര്‍ഗരേഖയോട് യോജിക്കുന്നവരുണ്ടെങ്കിലും അടിവസ്ത്രം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടത്തുന്ന ഇടപെടല്‍ വന്‍വിമര്‍ശനത്തിനാണ് വഴിവച്ചത്. മുന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്‍റുമാരുള്‍പ്പെടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ഇതോടെയാണ് ഡെല്‍റ്റ ‘വിജയത്തിലേക്ക് നയിക്കുന്ന വസ്ത്രധാരണം’ എന്ന വിശദീകരവുമായി രംഗത്തുവന്നത്. ജീവനക്കാരുടെ മതപരവും ആചാരപരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും വിധമുള്ള വസ്ത്രധാരണം അനുവദിക്കാന്‍ ശ്രമിക്കുമെന്ന് ഡെല്‍റ്റ പറയുന്നു. എന്നാല്‍ അത് കമ്പനിക്ക് ബാധ്യതയാകാതെയും യാത്രക്കാരുടെയും എയര്‍ലൈനിന്‍റെയും സുരക്ഷയെ ബാധിക്കാതെയും മാത്രമേ നടപ്പാക്കാനാകൂ എന്നും വക്താവ് പറഞ്ഞു.