കേരളത്തിനു മാത്രമല്ല ലക്ഷദ്വീപിലെ ബങ്കാരം ദ്വീപിനും ബവ്കോയുടെ ചിയേഴ്സ്. ടൂറിസത്തിനു ലഹരി പകരാന്‍ ലക്ഷദ്വീപ് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ അപേക്ഷ പ്രകാരം മദ്യം കയറ്റിയയ്ക്കും. കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യം കപ്പല്‍ മാര്‍ഗമാണ് ദ്വീപിലെത്തിക്കുക.
കേരളത്തിന്‍റെ സ്വന്തം ജവാനടക്കമാണ് കടല്‍ കടന്നു ചിയേഴ്സ് പറയുക . ടൂറിസത്തിനു ലഹരി പകരാന്‍ മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ആദ്യം മടിച്ച സര്‍ക്കാര്‍ പിന്നീട് ലാഭം പരിഗണിച്ചപ്പോള്‍ കൈകൊടുത്തു. എക്സൈസ് കമ്മീഷണറുടേയും കൂടി റിപ്പോര്‍ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റിയയ്ക്കാന്‍ കഴിയില്ല. നിലവിലെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം.ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവിന്‍റെയടിസ്ഥാനത്തിലാകും പുനപരിശോധന. കൊച്ചി വെയര്‍ഹൗസില്‍ നിന്നുള്ള മദ്യം ബേപ്പൂരില്‍ നിന്നോ കൊച്ചി വഴിയോ ആകും ബങ്കാരം ദ്വീപിലെത്തിക്കുക. വെയര്‍ഹൗസില്‍ നിന്നും ബാറുകാര്‍ക്കു കൊടുക്കുന്ന അതേ തുകയ്ക്കായിരിക്കും ബങ്കാരം ദ്വീപിലെ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്കും മദ്യം കൈമാറുന്നത്. ഇപ്പോഴത്തെ കയറ്റുമതി ഒറ്റത്തവണത്തേക്കാണെങ്കിലും സ്ഥിരമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല