alligator

പ്രതീകാത്മക ചിത്രം.

TOPICS COVERED

ഭീമന്‍ മുതലയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വയോധിക. വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് അപ്രതീക്ഷ സംഭവമുണ്ടായത്. മുതലയുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസവും സംഭവത്തെക്കുറിച്ചോര്‍മ വരുമ്പോഴുള്ള നടുക്കവും ആ വയോധികയില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ജീവന്‍ തിരിച്ചുകിട്ടിയെന്ന് അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പോലുമാകുന്നില്ല.

ഫ്ലോറിഡയിലെ നോര്‍ത്ത് ഫോര്‍ട്ട് മേയര്‍സിലാണ് സംഭവം. വീടിനടുത്തുള്ള തടാകത്തിനു സമീപം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു എണ്‍പത്തിനാലുകാരിയായ ബോപ്പല്‍. പെട്ടെന്ന് എന്തോ അപകടം മണത്തപ്പോലെ അവര്‍ ഉറക്കെ സഹായത്തിനായി കേണു. ഞൊടിയിടയില്‍ മുന്‍പിലൊരു മുതല. മുതലയെ കാണും മുന്‍പേ എന്തോ അപകടം നടക്കാന്‍ പോകുന്നുവെന്ന് മനസ്സുപറഞ്ഞു, അതാണ് സഹായത്തിനായി ഉറക്കെ വിളിച്ചതെന്ന് വയോധിക പിന്നീട് പറഞ്ഞു.

ഏഴടിയോളം നീളവും മൂന്നിഞ്ച് വീതിയുമുള്ള ഭീമന്‍ മുതലയില്‍ നിന്നാണ് വയോധിക തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കൂടെയുണ്ടായിരുന്ന നായക്കുട്ടിയെ മുതലയുടെ പിടിയില്‍ നിന്ന് അകറ്റിയെങ്കിലും കാലുകളിലും വിരലുകളിലും കടിയേറ്റു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സുരക്ഷാജീവനക്കാരെ വിവരമറിയിച്ചു. അവരെത്തും വരെ അതിസാഹസികമായി ഇവര്‍ മുതലയ്ക്കുനേരെ പിടിച്ചു നിന്നു.

മുതലയുടെ മുഖത്ത് പിടിവിടും വരെ അടിച്ചുകൊണ്ടേയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പെട്ടെന്നു തന്നെ സ്ഥലത്തെത്തി മുതലയെ തുരത്തി, വയോധികയെ ആശുപത്രിയിലാക്കി. ഇങ്ങനെയൊന്നിനെ തന്‍റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല, ശരവേഗത്തിലാണ് മുതല അക്രമിക്കാനെത്തിയതെന്ന് വയോധിക ആശുപത്രിനിന്ന് പ്രതികരിച്ചു.

മുതല ആക്രമണങ്ങള്‍ ഫ്ലോറിഡയില്‍ നിന്ന് അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ സംഭവത്തോടുകൂടി സുരക്ഷാമുന്‍കരുതല്‍ ആവശ്യമാണെന്ന് പൊതുജനങ്ങളും മനസ്സിലാക്കി.

ENGLISH SUMMARY:

Old woman narrowly escaped an alligator attack while walking her dog. The woman bravely fought off the alligator, punching it in the face until it retreated. She was taken to a hospital for treatment and is expected to recover.