ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കീഴടക്കിയ പ്രതിഷേധക്കാരുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുടെ സാരി അടങ്ങിയ പെട്ടി അടിച്ചു മാറ്റി ഈ സാരികൊണ്ട് ഞാനെന്‍റെ ഭാര്യയെ പ്രധാനമന്ത്രിയാക്കുമെന്ന് പറഞ്ഞ് യുവാവ് രംഗത്തത്തിയിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയില്‍ ഒരാൾ തലയിൽ ബാഗുമായി നിൽക്കുന്നത് കാണാം. ചോദിക്കുമ്പോള്‍ അതിൽ ഷെയ്ഖ് ഹസീനയുടെ സാരിയാണെന്നും ഇത് താന്‍ ഭാര്യക്ക് നൽകുമെന്നും പറയുന്നു. ഞാന്‍ അവളെ പ്രധാനമന്ത്രിയാക്കാന്‍ പോകുകയാണ് എന്നാണ് യുവാവ് പറയുന്നത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ ബംഗ്ലദേശിന്‍റെ പതാകയുമേന്തി ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഗേറ്റുകള്‍ തകര്‍ത്താണ് അകത്തുകയറുന്നതിന്‍റെയും വസതിയിലെ പാത്രങ്ങളും പരവതാനികളും പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളടക്കം എടുത്തുകൊണ്ടു പോകുന്നതിന്‍റെയും ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഓഫിസിലെ കസേരകളിലും മേശപ്പുറത്തും കയറിയിരിക്കുക, സെല്‍ഫി എടുക്കുക, ഫയലുകളെടുത്ത് പരതുന്നതായി പോസ് ചെയ്യുക എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍. അടുക്കളയില്‍ കയറി ഭക്ഷണം കഴിക്കുന്നതിന്‍റെയും വീട്ടിലെ ക്ലോക്ക് അടക്കം അടിച്ചുമാറ്റുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു.