വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമായുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ചൈന. പ്രധാനമന്ത്രി ലി ചിയാങിന്‍റെ സന്ദേശം അംബാസിഡറായ ഷു ഫെയ്ഹോങാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചത്. കേരളത്തിലുണ്ടായ മഹാദുരന്തം നടുക്കമുണ്ടാക്കിയെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിലും പരുക്കേറ്റവരുടെ വേദനയും പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചതായും ഷു ഫെയ്ഹോങ് സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) കുറിച്ചു.
ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 369 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധിപ്പേരെ കണ്ടെത്താനുണ്ട്. രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചറിയാത്ത മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചാലിയാറില്‍ നിന്ന് മാത്രം ഇതുവരെ 217 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
നാളെ മുതൽ വനമേഖലയിലേക്ക് സന്നദ്ധ പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. പ്രദേശങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം തുടരും. പോത്തുകല്ല് പഞ്ചായത്ത് പരിധിയിൽ വരുന്ന ഇരുട്ടുകുത്തി മുതൽ ചാത്തമുണ്ട വരെയുള്ള ചാലിയറിന്റെ തീരത്തു വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നാളെ പരിശോധന നടത്തും. സന്നദ്ധ പ്രവർത്തകർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊലീസ് തുടങ്ങിയവർ തിരച്ചിലിൽ പങ്കുചേരും.
അതിനിടെ വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അടിയന്തര ധനസഹായത്തിനായി നാലുകോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. കലക്ടറെ ഇതിനായി ചുമതലപ്പെടുത്തി.