libya-dam

TOPICS COVERED

ലിബിയയിൽ അണക്കെട്ട് തകർന്നുണ്ടായ അപകടത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 12 പേരെ ശിക്ഷിച്ച് കോടതി. ഒന്‍പത് മുതല്‍ 27 വര്‍ഷം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അണക്കെട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് തടവ് ശിക്ഷ. കഴിഞ്ഞ വർഷമായിരുന്നു കിഴക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിലെ ഡെർണയിൽ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്ന് പ്രളയമുണ്ടായതും നിരവധിയാളുകള്‍ മരണപ്പെട്ടതും.

2023 സെപ്റ്റംബര്‍ പത്തിനായിരുന്നു ഡാനിയൽ കൊടുങ്കാറ്റിനു പിന്നാലെയാണ് ഡാമുകള്‍ തകര്‍ന്നത്. 4,300 പേര്‍ മരണപ്പെട്ടു. എണ്ണായിരത്തോളം ആളുകളെ കാണാതായി. ഡാം തകര്‍ന്നതിനു പിന്നാലെ 16,000 കുട്ടികള്‍ ഉള്‍പ്പെടെ 44,800 പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളിലുള്ളത്. 

ഡെര്‍ണയ്ക്കു പുറമേ ബെൻഗാസി, സോസെ, അൽ മാർജ് എന്നീ പട്ടണങ്ങളിലും പ്രളയം വൻനാശം വിതച്ചു. ഡെർണ പട്ടണത്തിന്റെ ഒരു ഭാഗം തകർത്തുകൊണ്ടാണ് പ്രളയജലം കടലിലേക്കൊഴുകിയത്. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയിരുന്നു. രക്ഷാപ്രവര്‍‌ത്തനത്തിന് വഴയില്ലാതെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ പോലും നടന്നത് ലോകരാജ്യങ്ങളെ ഞെട്ടിച്ചു.

വലിയ കുഴികളെടുത്ത് നൂറുകണക്കിന് ശരീരങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടുകയായിരുന്നു ഇവിടെ. ഒഴുക്കില്‍പ്പെട്ടവരുടെ ജീവനറ്റ ശരീരം ദിവസവും കടല്‍ കരയില്‍ അടിയുന്ന കാഴ്ച. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും കടപുഴകിയ മരങ്ങള്‍ക്കുമിടയില്‍ അടിഞ്ഞുകിടക്കുന്ന മൃതദേഹങ്ങള്‍ വേറെയും. ചികിത്സയും ഭക്ഷണവുമടക്കം സഹായവുമായി വിവിധ രാജ്യങ്ങള്‍ എത്തിയെങ്കിലും റോഡുകള്‍ തകര്‍ന്ന് ഒറ്റപ്പെട്ട ഡെര്‍ണ നഗരത്തിന്റെ പലഭാഗത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പോലും സാധിച്ചിരുന്നില്ല. ലോകത്തെയാകെ നടുക്കിയ ഡാം ദുരന്തം സംഭവിച്ച് ഒരു വര്‍ഷമാകുമ്പോഴാണ് 12 പേരെ ശിക്ഷിച്ചതായ റിപ്പോര്‍ട്ട് എത്തുന്നത്. 

ENGLISH SUMMARY:

12 people were convicted in Libya’s eastern city of Derna over their role in managing dam facilities during last year’s deadly floods.