kanishka-air-accident

കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതിൻറെ ഞെട്ടലിലാണ് നമ്മൾ. വിദേശത്തുണ്ടായ ദുരന്തങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് കനിഷ്ക വിമാനദുരന്തത്തിലാണ്. കാനഡയിൽനിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട 329പേരിൽ 29പേർ മലയാളികളായിരുന്നു. ആ നടുക്കുന്ന ദുരന്തത്തിൻറെ  മുപ്പത്തിയൊൻപതാം  വാർഷികമാണ്  ഇന്ന്. 

ഈ  അത്‌ലാൻറിക് സമുദ്രത്തിനു മുകളിൽ 31,000 (മുപ്പത്തിയോരായിരം) അടി ഉയരത്തിൽ പറക്കുമ്പോഴാണ് 1985 ജൂൺ 23ന് രാവിലെ 8.13ന് എയർ ഇന്ത്യ വിമാനം സ്ഫോടത്തിൽ തകർന്നത്. ദുരന്തം നടന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന് ഏറ്റവും അടുത്ത ഐറിഷ് തീരമായ പശ്ചിമ കോർക്കിലാണ് ദുരന്ത സ്മാരകമായ എയർ ഇന്ത്യ ഡിസാസ്റ്റർ മമ്മോറിയൽ സ്ഥിതിചെയ്യുന്നത്.

1985 ജൂൺ 23ന്  ടൊറൻറോയിൽനിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യയുടെ  കനിഷ്ക വിമാനം സ്ഫോടനത്തെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണ് 29 മലയാളികൾ ഉൾപ്പെടെ 329 പേരാണു മരിച്ചത്. ഇതിൽ 22പേർ ജീവനക്കാരായിരുന്നു. ഖലിസ്ഥാൻ ഭീകരരായിരുന്നു പിന്നിൽ.  മുൻവശത്തെ കാർഗോയിൽ സ്യൂട്ട്കേസ് ബോംബാണ് പൊട്ടിത്തെറിച്ചത്. മൂന്നുപേരെ പിടികൂടിയെങ്കിലും സ്യൂട്ട്കേസിന്റെ ഉടമയായ ഇന്ദർജിത് സിങ് റിയാത് മാത്രം ശിക്ഷിക്കപ്പെട്ടു. 30 വർഷ ശിക്ഷ പൂർത്തിയാക്കി ഇയാൾ 2016ൽ ജയിൽമോചിതനായി.

2005ൽ കുറ്റവിമുക്തനാനായ റിപുദമൻ സിങ് മാലിക്ക് അജ്‍ഞാതൻറെ വെടിയേറ്റ് മരിച്ചു. ഗൂഢാലോചനയ്‌ക്കു നേതൃത്വം നൽകിയ  തൽവീന്ദർ സിങ് പാർമർ 1992ൽ ഡൽഹിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇരകളുടെ  ബന്ധുക്കൾ എല്ലാവർഷവും ജൂൺ 23ന് ഇവിടെ ഒത്തുകൂടും. ഇന്ത്യ, കാനഡ സർക്കാർ പ്രതിനിധികളും എത്താറുണ്ട്. പശ്ചിമ കോർക്കിലെ അഹകിസ്റ്റ പട്ടണം ഇന്ന് പലർക്കും തീർഥാടന കേന്ദ്രമാണ്. സമുദ്രത്തിൽ അലിഞ്ഞില്ലാതായ പ്രിയപ്പെട്ടവർ തിരയായി വന്നു തഴുകുകയും കാറ്റിലൂടെ സംസാരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.  കാലം കടന്നുപോകും, നിലനിൽക്കുന്നത് സ്നേഹം മാത്രം എന്ന ഓർമപ്പെടുത്തലാണ്  ഇവിടുത്തെ ഓർമസ്തംഭത്തിലെ സൂര്യഘടികാരം.

അഹകിസ്റ്റയിലെ സൂര്യഘടികാരത്തിന്റെ മാതൃകയിൽ ഒരു ഓർമസ്തംഭം ടൊറന്റോയിലെ തടാകതീരത്തുണ്ട്.  മോണ്ട്രിയോളിലും കാനഡയുടെ തലസ്ഥാനമായ ഓട്ടവയിലും കനിഷ്ക സ്മാരകങ്ങളുണ്ട്.