'സമ്പന്നരുടെ വീടുകളിലെ വളര്‍ത്തുനായയായി ജനിച്ചാല്‍ മതിയായിരുന്നു' എന്നത് പണ്ടേ ഹിറ്റായ ഒരു പ്രയോഗമാണ്. ഇതിൽ വലിയ അതിശയോക്തി ഇല്ലെന്ന് വ്യക്തമാകും, ഇന്ത്യയില്‍ ജനിച്ച ബ്രിട്ടനിലെ സമ്പന്ന കുടുംബമായ ഹിന്ദുജകളുടെ ചില ചെയ്തികള്‍ കേട്ടാല്‍.
വളര്‍ത്തുനായയുടെ വിലയില്ലാത്ത ജീവിതം
സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിന്ദുജ കുടുംബം വീട്ടുജോലിക്കാര്‍ക്ക് നല്‍കിയ വേതനം വളര്‍ത്തുനായകള്‍ക്കായി ചെലവിട്ടതിനേക്കാള്‍ തുച്ഛം. കേട്ടാല്‍ മൂക്കില്‍ വിരല്‍ വച്ചുപോകുന്ന, ഈ മനുഷ്യവകാശലംഘനത്തിന്‍റെ കഥ പുറത്തുവന്നത് സ്വിസ് കോടതിയില്‍നിന്നായിരുന്നു. 18 മണിക്കൂര്‍ ജോലി ചെയ്ത വീട്ടുജോലിക്കാരന് നല്‍കിയത് ഏഴ് സ്വിസ് ഫ്രാങ്ക് മാത്രം. അതായത് 654 രൂപ.. അതേസമയം വളര്‍ത്തുനായയ്ക്കായി പ്രതിവര്‍ഷം ചെലവിട്ടത് 8,02, 795 രൂപയെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. നിയമാനുസൃത അവധി ഇല്ലാതെ ആഴ്ചയില്‍ ഏഴുദിവസവും 18 മണിക്കൂര്‍ വരെ ജോലി ചെയ്യിച്ചെന്ന് കോടതി കണ്ടെത്തി. സ്വറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ കറൻസിയിലാണ് ശമ്പളം നൽകേണ്ടത്. എന്നാൽ ഹിന്ദുജ കുടുംബം വീട്ടുജോലിക്കാർക്ക് രൂപയിലാണ് ശമ്പളം കൊടുത്തിരുന്നത്. അതും ഇന്ത്യയിലെ അക്കൗണ്ടിലാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയുന്നവരായിരുന്നു ജീവനക്കാര്‍. അവരുടെ പാസ്പോര്‍ട്ട് കൈവശപ്പെടുത്തിയെന്നും പുറത്തുപോകാന്‍ അനുവദിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നിസ്സാര വേതനത്തിന് ദീര്‍ഘനേരത്തെ ജോലി. തൊഴിലാളികള്‍ പലപ്പോലും കിടന്നുറങ്ങിയത് ബേസ്മെന്‍റിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ 20 സമ്പന്ന കുടുംബങ്ങളില്‍ ഒന്ന് കൂടിയാണ് ഹിന്ദുജ
പീഡനകഥ പുറത്തറിയിച്ച രഹസ്യവിവരം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2018ല്‍ ഹിന്ദുജയുടെ വില്ലയിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനെത്തുടര്‍ന്നാണ് ഗുരുതരമായ തൊഴില്‍പീഡനം പുറത്തുവന്നത്. തെളിവായി രേഖകളും ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ ഇത്തരം ജോലികള്‍ക്ക് നല്‍കേണ്ട അടിസ്ഥാനശമ്പളത്തിന്‍റെ പത്തിലൊന്നില്‍ താഴെയായിരുന്നു ശമ്പളമെന്ന് കോടതി കണ്ടെത്തി. അനധികൃത തൊഴില്‍ നല്‍കല്‍, കുറഞ്ഞ ആരോഗ്യ ആനുകൂല്യങ്ങള്‍ എന്നിവയും കോടതിയില്‍ തെളിയിക്കപ്പെട്ടു
ഹിന്ദുജയുടെ വിചിത്രവാദങ്ങള്‍
ഞെട്ടിക്കുന്ന ശമ്പളക്കണക്കിനെയും തൊഴില്‍പീഡനത്തേയും ഹിന്ദുജയുടെ അഭിഭാഷകന്‍ നേരിട്ടത് വീട്ടുജോലിക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തിന്‍റേയും താമസത്തിന്‍റേയും കണക്ക് പറഞ്ഞായിരുന്നു. താമസവും ഭക്ഷണവും നല്‍കുന്നതിനാല്‍ വേതനം കുറയുമെന്നായിരുന്നു വാദം. കുട്ടികള്‍ക്കൊപ്പം സിനിമ കാണുന്നത് പോലുള്ളവ വീട്ടുജോലിക്കാരുടെ ജോലിയുടെ ഭാഗമായി കണക്കാക്കരുതെന്നും നീണ്ട ജോലി സമയം ഇല്ലെന്നും അഭിഭാഷകന്‍ തര്‍ക്കിച്ചു.
'ഹിന്ദുജ പാവമാടാ'
'ഹിന്ദുജ കുടുംബം പാവമാടാ' എന്ന ഡയലോഗും എത്തി സ്വിസ് കോടതിയില്‍. ചില മുന്‍ വീട്ടുജോലിക്കാരായിരുന്നു ഹിന്ദുജ സൂപ്പറാണെന്ന് കോടതിയില്‍ മൊഴി നല്‍കിയത്. സൗഹാർദത്തോടെയും മാന്യവുമായാണ് ഹിന്ദുജ കുടുംബം പെരുമാറിയതെന്നായിരുന്നു മൊഴി. ഇനിയുമുണ്ട് ട്വിസ്റ്റ്, കോടതി നടപടികള്‍ക്കിടെ ജീവനക്കാരുമായി ഹിന്ദുജ കുടുംബം ഒത്തുതീര്‍പ്പിലെത്തി. മൂന്ന് പരാതിക്കാർ കേസ് ഉപേക്ഷിച്ചു.
കോടതിയുടെ അടുത്ത് ചെലവായില്ല
എന്നാല്‍ ഹിന്ദുജയുടെ വാദങ്ങളെല്ലാം ചെപ്പടിവിദ്യകളായി മാത്രമാണ് സ്വിസ് കോടതി കണ്ടത്. ക്രിമിനല്‍ വിചാരണ തുടരുക തന്നെ ചെയ്തു. യുഎസിലോ യുകെയിലോ നിലവിലുള്ള ജൂറി സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായി മൂന്ന് ജഡ്ജിമാരുടെ പാനലാണ് വിധി പറഞ്ഞത്. അജയ് ഹിന്ദുജയും ഭാര്യ നമ്രതയും മാതാപിതാക്കളും നിയമവിരുദ്ധമായി ഇന്ത്യയില്‍നിന്നെത്തിച്ച വീട്ടുജോലിക്കാര്‍ക്ക് നല്‍കിയത് സ്വിസ് നിയമപ്രകാരമുള്ളതിനേക്കാള്‍ കുറഞ്ഞ വേതനമാണെന്ന് കണ്ടെത്തി. മനുഷ്യക്കടത്ത് ആരോപണം മാത്രമാണ് കോടതി തള്ളിക്കളഞ്ഞത്. മുതിര്‍ന്ന കുടുംബാംഗങ്ങളായ 78 കാരനായ പ്രകാശ് ഹിന്ദുജയ്ക്കും 75കാരി കമല്‍ ഹിന്ദുജയ്ക്കും നാലരവര്‍ഷം തടവുശിക്ഷ. അജയ് ഹിന്ദുജയ്ക്കും ഭാര്യ നമ്രതയ്ക്കും നാലുവര്‍ഷം തടവ്. കുടുംബത്തിന്‍റെ ബിസിനസ് മാനേജര്‍ നജീബ് സിയാസിക്ക് 18 മാസത്തെ സസ്പെഷന്‍നും കോടതി വിധിച്ചു.
ആരാണ് ഹിന്ദുജ?
1914ല്‍ പര്‍മാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജ ഇന്ത്യയിലെ സിന്ധ് മേഖലയില്‍ ചരക്ക് വ്യാപാരത്തിലൂടെയായിരുന്നു തുടക്കം. പര്‍മാനന്ദിന്‍റെ നാല് അണ്‍മക്കളുടെ കീഴില്‍ ബിസിനസ് അതിവേഗം വളര്‍ന്നു. ബോളിവുഡ് ചിത്രങ്ങള്‍ രാജ്യാന്തരതലത്തില്‍ വിതരണം ചെയ്തും വിജയം കണ്ടെത്തി. ഇപ്പോള്‍ ഹിന്ദുജയ്ക്ക് ആറു പൊതു മേഖല സ്ഥാപനങ്ങളില്‍ ഓഹരിയുണ്ട്. ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് കുടുംബത്തിന് 20 ബില്യന്‍ ഡോളര്‍ സമ്പത്തുമുണ്ട്.