നമുക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുകള്‍ കാണാതെ പോയാലുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. അത് എങ്ങനെയെങ്കിലും തിരിച്ചുകിട്ടിയാല്‍ മതി, അതിപ്പോള്‍ എന്തെങ്കിലും പരിക്ക് പറ്റിയാലും സാരമില്ല എന്നുവരെ കരുതുന്നവരാണ് നമ്മളില്‍ പലരും. അങ്ങനെ 50 വർഷം മുൻപ് കാണാതായ വിലയേറിയ റോളക്സ് വാച്ച് തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ജെയിംസ് സ്റ്റീലി എന്ന കര്‍ഷകന്‍.
ബ്രിട്ടനിലാണ് സംഭവം. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയിൻ പൊട്ടി പുല്ലിൽ വീണതാണ് സ്റ്റീലിയുടെ വാച്ച്. അത് സ്വന്തം ഫാമിലെ പശു പുല്ല് തിന്നുന്ന കൂട്ടത്തില്‍ അകത്താക്കിയെന്ന് സ്റ്റീലിക്ക് മനസ്സിലായി. പശുവിന്റെ പിറകെ ദിവസങ്ങളോളം കാത്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. വാച്ച് തിരികെ ലഭിച്ചില്ല.
വാച്ചിനോടുള്ള ഇഷ്ടം വിടാത്ത സ്റ്റീലി അരനൂറ്റാണ്ടിനിപ്പുറവും അന്വേഷണം തുടർന്നു. അടുത്തിടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്വന്തം പറമ്പിൽ നടത്തിയ പരിശോധനയിൽ മണ്ണിൽ നിന്നു വാച്ചിന്‍റെ ഭാഗം തിരികെ കിട്ടി. സ്റ്റീലിയുടെ മകന്‍ പഴയ നാണയങ്ങളും മറ്റും കണ്ടെത്താനായി ഇതേ സ്ഥലത്ത് മെറ്റല്‍ ഡിറ്റക്ടിനായി ഒരാളെ എത്തിച്ചിരുന്നു. ഇയാളാണ് 1970 കാലഘട്ടത്തില്‍ കാണാതായ വാച്ച് കണ്ടെത്തി നല്‍കിയത്.
അതിരറ്റ സന്തോഷമാണ് അന്ന് തനിക്ക് തോന്നിയതെന്നാണ് പിന്നീട് സ്റ്റീലി ഇതേക്കുറിച്ച് പ്രതികരിച്ചത്. കേടുപാടുകള്‍ പറ്റിയെങ്കിലും വാച്ചിപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ശരിയാക്കണമെങ്കില്‍ നല്ല തുക ചെലവ് വരും. ഈ വാച്ച് തിരികെ ലഭിക്കുമെന്ന് കരുതിയിരുന്നില്ല, കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പുല്ലിനൊപ്പം പശുവിന്റെ വയറ്റിൽ എത്തിയ വാച്ച് പശു ചാണകമിട്ടപ്പോള്‍ അതിനൊപ്പം പുറത്തുവന്നുവെന്നാണ് സ്റ്റീലി പറയുന്നത്. വാച്ചിന്‍റെ കുറച്ചുഭാഗം തിരികെ കിട്ടിയതോടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധന തുടരാനുള്ള തീരുമാനത്തിലാണ് സ്റ്റീലി. മറ്റ് ഭാഗങ്ങളും തിരികെ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കര്‍ഷകന്‍.