ഫലവത്തായ ചർച്ചകൾക്കായി കാത്തിരിക്കുന്നുവെന്ന് ജി സെവന്‍ ഉച്ചകോടിക്കായി ഇറ്റലിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്നിച്ച് ആഗോള വെല്ലുവിളികളെ നേരിടാനും രാജ്യാന്തര സഹകരണം വളർത്താനും ലക്ഷ്യമിടുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഇന്ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇതാദ്യമായാണ് പോപ് ജി സെവന്‍ വേദിയിലെത്തുന്നത്. ജി സെവന്‍ രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇത്തവണ ലോകനേതാക്കളെക്കാള്‍ ശ്രദ്ധാകേന്ദ്രമാവുക ഫ്രാന്‍സിസ് മാര്‍പാപ്പയാകും. ആദ്യമായാണ് ഒരു മാര്‍പാപ്പയും വത്തിക്കാന്‍ പ്രതിനിധികളും രാഷ്ട്ര നേതാക്കളുടെ വേദിയിലെത്തുന്നത്. "നിര്‍മിത ബുദ്ധിയുടെ ധാർമ്മിക പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തിലെ ചർച്ചയിലാണ് മാർപാപ്പ പങ്കെടുക്കുക. ജി സെവന്‍ അംഗമല്ലാത്ത രാജ്യങ്ങളിലെ പ്രതിനിധികൾക്കായുള്ള സെഷനാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറമേ യു.എസ് പ്രസിഡൻ്റ് ജോ ബൈഡനടക്കമുള്ളവരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും. മാർപ്പാപ്പയുടെ സാന്നിധ്യം ജി സെവന് അഭിമാനമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. റഷ്യ– യുക്രൈന്‍, ഗാസ സംഘർഷങ്ങളില്‍ മാര്‍പാപ്പ ഉച്ചകോടിയില്‍ സന്ദേശം നല്‍കുമോയെന്നതും ആകാംഷയാണ്.
മൂന്നാമൂഴത്തിലെ ആദ്യ വിദേശ പര്യടനം ജി സെവനില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഇറ്റലിയിലേക്ക് തിരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ-ഇറ്റലി പങ്കാളിത്തവും ഇന്തോ-പസഫിക്, മെഡിറ്ററേനിയൻ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുമെന്നും മോദി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റു നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.