ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ ദമ്പതികള്‍ക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി പൗലോ ഗബ്രിയേല്‍ ദ സില്‍വ ബറോസിനും കത്വ്യൂസിയ ലീ ഹോഷിനോയ്ക്കും സ്വന്തം. ബ്രസീലുകാരായ ഇരുവരും 15 വര്‍ഷത്തോളം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 90.28 സെന്‍റിമീറ്ററാണ് പൗലോയുടെ പൊക്കം. കത്വ്യൂസിയയുടെ പൊക്കമാകട്ടെ 91.13 സെന്‍റിമീറ്ററും. അതായത് ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും പൊക്കം കൂട്ടിനോക്കിയാല്‍ ആകെ 181.41 സെന്‍റിമീറ്റര്‍ മാത്രം.
ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.പൊക്കത്തെക്കുറിച്ച് തങ്ങളെക്കാള്‍ വിഷമം മറ്റുള്ളവര്‍ക്കായിരുന്നു എന്നാണ് ഇരുവരും പറയുന്നത്. തങ്ങളുടെ ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പോലും പലരും ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ അതിനെയെല്ലാം തങ്ങള്‍ക്ക് അതിജീവിക്കാനായെന്നാണ് ദമ്പതികള്‍ പറയുന്നത്.
‘ഞങ്ങളുടെ ശരീരം വളരെ ചെറുതായിരിക്കാം, എന്നാല്‍ ഹൃദയവിശാലതയും സ്നേഹവും കണക്കിലെടുത്താല്‍ ഞങ്ങള്‍ വളരെ ഉയരമുള്ളവരാണ്. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണ് ഞങ്ങളുടെ ജീവിതം. എന്നാല്‍ ഒന്നിച്ചുനിന്ന് ഞങ്ങള്‍ക്കവയെല്ലാം മറികടക്കാനാകുമെന്ന് ഉറപ്പുണ്ട്’– ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
2006ലാണ് ഇരുവരും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി, 15 വര്‍ഷത്തോളം പ്രണയിച്ചു. പൗലോയ്ക്ക് 31 വയസ്സും കത്വ്യൂസിയയ്ക്ക് 28 വയസ്സുമായപ്പോഴാണ് ഇരുവരും വിവാഹിതരായത്. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന കൂടിച്ചേരലാണിതെന്നാണ് സമൂഹമാധ്യമത്തില്‍ പലരും കുറിച്ചത്. ലോകത്തിനാകെ പ്രചോദനമാകുന്ന പ്രണയകഥയെന്നും ചിലര്‍ ഇവരുടെ ജീവിതം ചൂണ്ടിക്കാട്ടി പറയുന്നു.