പബ്ലിക് ബാത്ത് ഹൗസുകളില്‍ കയറി ആണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളെടുക്കുന്നത് പതിവാക്കിയ സിംഗപ്പൂര്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ജാപ്പനീസ് പൊലീസ് ചോദ്യംചെയ്യുന്നു. ടോക്യോയിലെ സിംഗപ്പൂര്‍ എംബസിയില്‍ കൗണ്‍സലറായിരുന്ന സിം സ്യോങ് ഛെ ആണ് പ്രതി. ഫെബ്രുവരി 27ന് ടോക്യോയിലെ മിനാതോയിലുള്ള പബ്ലിക് ബാത്ത് ഹൗസിലെ ഡ്രസിങ് റൂമില്‍ വച്ച് പതിമൂന്നുകാരനായ സ്കൂള്‍ വിദ്യാര്‍ഥിയുടെ നഗ്നചിത്രമെടുത്തപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ചിത്രമെടുക്കുന്നത് കണ്ട ബാത്ത് ഹൗസ് ജീവനക്കാരന്‍ പൊലീസിനെ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് സിം രക്ഷപെടുകയായിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് കുട്ടിയുടെ നഗ്നഫോട്ടോകള്‍ കണ്ടെത്തിയിരുന്നു. മറ്റനേകം ബാത്ത് ഹൗസുകളില്‍ നിന്നുള്ള എഴുന്നൂറോളം ഫോട്ടോകളും ഫോണിലുണ്ടായിരുന്നു. ഇതോടെ ജാപ്പനീസ് പൊലീസ് അത്യപൂര്‍വമായ നടപടികളിലേക്ക് കടന്നു. ക്രിമിനല്‍ ആരോപണം നേരിടുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെ സ്വന്തംനാട്ടില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു. ഒടുവില്‍ അന്‍പത്തഞ്ചുകാരനായ സിം സ്യോങ് ഛെ സിംഗപ്പൂരില്‍ നിന്ന് ടോക്യോയില്‍ മടങ്ങിയെത്തി.
ബാത്ത് ഹൗസില്‍ വച്ച് നഗ്നരായ പുരുഷന്മാരെ കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കാനായില്ലെന്നാണ് സിം ജാപ്പനീസ് പൊലീസിന് നല്‍കിയ മൊഴി. തെറ്റുമനസിലാക്കി സാധാരണപൗരനെന്ന നിലയില്‍ നടപടി നേരിടാനാണ് ജപ്പാനില്‍ തിരിച്ചെത്തിയതെന്നും ഇയാള്‍ പറഞ്ഞു. നഗ്ന ചിത്രങ്ങളെടുക്കല്‍, ചൈല്‍ഡ് പോര്‍ണോഗ്രഫി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് സിമ്മിനെതിരെ ചുമത്തിയിട്ടുള്ളത്.
ഫെബ്രുവരി 27ലെ സംഭവത്തിനുശേഷവും സിം നയതന്ത്ര പരിരക്ഷയില്‍ ജപ്പാനില്‍ത്തന്നെ തുടര്‍ന്നിരുന്നു. ഏപ്രില്‍ പകുതിയോടെ ടോക്യോ എംബസിയിലെ സേവന കാലാവധി പൂര്‍ത്തിയായപ്പോഴാണ് ഇയാള്‍ നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പൊലീസ് കേസിനെക്കുറിച്ച് എംബസിയെ അറിയിച്ചിരുന്നില്ല. ജാപ്പനീസ് സര്‍ക്കാര്‍ വഴി ടോക്യോ മെട്രൊപൊളിറ്റന്‍ പൊലീസ് ഇയാളെ ചോദ്യംചെയ്യാന്‍ അനുമതി തേടിയപ്പോഴാണ് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രാലയം വിവരമറിഞ്ഞത്. തുടര്‍ന്ന് സിമ്മിനെ സസ്പെന്‍ഡ് ചെയ്യുകയും നയതന്ത്രപരിരക്ഷ ഒഴിവാക്കി ചോദ്യംചെയ്യാന്‍ അനുമതി നല്‍കുകയുമായിരുന്നു.