File photo.
പ്രത്യേക ശബ്ദം ഒരാന പുറപ്പെടുവിക്കുമ്പോള്‍ അതിന് മറുപടിയെന്നവണ്ണം ആനക്കൂട്ടത്തിനിടയില്‍ നിന്ന് മറ്റൊരാന ശബ്ദമുണ്ടാക്കുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ മിക്കി പാര്‍ഡോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ ഒരു പഠനത്തിലേക്ക് തിരിഞ്ഞു. മനുഷ്യരെപ്പോലെ തന്നെ ആനകളും പരസ്പരം പേരിട്ടാണോ വിളിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തലായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ചില ശബ്ദങ്ങള്‍ ഒരാന പുറപ്പെടുവിക്കുമ്പോള്‍ കൂട്ടത്തിലെ പല ആനകളും അതിനോട് പ്രതികരിക്കുന്നു. എന്നാല്‍ ചില ശബ്ദങ്ങളോട് ഏതെങ്കിലും ഒരാന മാത്രമാവും പ്രതികരിക്കുന്നത്. ആഫ്രിക്കന്‍ കാട്ടാനകളെ കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഈ നിരീക്ഷണങ്ങളുള്ളത്. അമ്പേസെലി ദേശീയോദ്യാനത്തിലെയും സാമ്പുരു ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെയും ആനകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ആനകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍, അതിനോടുള്ള മറ്റ് ആനകളുടെ പ്രതികരണം എന്നിവയായിരുന്നു പ്രധാനമായും നിരീക്ഷിച്ചത്. മനുഷ്യര്‍ പരസ്പരം സംസാരിക്കുന്നതുപോലെയാണ് ആനകളുമെന്നാണ് ഇതില്‍ തെളിഞ്ഞത്. നൂറോളം കാട്ടാനകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം.
ആനകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അത് കേള്‍പ്പിക്കുമ്പോഴുള്ള ആനകളുടെ പ്രതികരണങ്ങള്‍ ശ്രദ്ധേയമായി. 17 ആനകളെ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്തുവച്ചിരിക്കുന്ന ശബ്ദങ്ങള്‍ കേള്‍പ്പിച്ചു. ഇതില്‍ ചില ശബ്ദത്തോട് കൂട്ടത്തില്‍ ഏതെങ്കിലും ഒരാന മാത്രമാണ് പ്രതികരിക്കുന്നത് എന്ന് ശ്രദ്ധിച്ചു. കൂട്ടത്തിനിടയില്‍ നിന്ന് ശബ്ദംകേട്ട ഭാഗത്തേക്ക് ആ ആന മാത്രം ഓടിയെത്തും.
മനുഷ്യര്‍ പരസ്പരം പേര് വിളിക്കുന്നതുപോലെ ആനകള്‍ക്കിടയിലും എന്തോ ‘കോഡ്’ ഉണ്ടെന്ന് വ്യക്തമായി എന്നാണ് പഠനത്തിന് നേതൃത്വം വഹിച്ച മിക്കി പാര്‍ഡോ പറയുന്നത്. കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ബിഹേവിയറല്‍ ഇക്കോളജിസ്റ്റാണ് മിക്കി പാര്‍ഡോ. മുന്‍പ് കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു ഇദ്ദേഹം. നേച്ചര്‍ ഇക്കോളജി ആന്റ് എവല്യൂഷന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
‘ആനകള്‍ തങ്ങളുടെ സാമൂഹിക ബന്ധം നിലനിര്‍ത്തുന്നതില്‍ വളരെ കരുതലുള്ളവരാണ്. ചില പ്രത്യേക ശബ്ദങ്ങളോട് എങ്ങനെയാവണം പ്രതികരിക്കേണ്ടത് എന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. ചില ശബ്ദങ്ങള്‍ തന്നെ മാത്രം ഉദ്ദ്യേശിച്ചുള്ളതാണെന്നും ചിലത് കൂട്ടതോടെ പാലിക്കേണ്ടതാണെന്നും ആനകള്‍ക്ക് ധാരണയുണ്ട്. പരസ്പരം എങ്ങനെ അഭിസംബോധന ചെയ്യണം എന്നുപോലും അവര്‍ക്കു വ്യക്തമായി അറിയാം’ എന്നാണ് മിക്കി പാര്‍ഡോ പഠനത്തെക്കുറിച്ച് പറയുന്നത്.
‘ഡോള്‍ഫിനുകളും തത്തകളും ഇത്തരത്തില്‍ ശബ്ദങ്ങളോട് പ്രതികരിക്കാറുണ്ട്. ഒരാള്‍ പുറപ്പെടുവിച്ച ശബ്ദം അതേപടി അനുകരിക്കുകയാവും അടുത്തയാള്‍ ചെയ്യുന്നത്. എന്നാല്‍ ആനകളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഒരു ആന പുറപ്പെടുവിക്കുന്ന ശബ്ദത്തോട് പ്രതികരിക്കുകയാണ് മറ്റൊരു ആന ചെയ്യുന്നത്. മനുഷ്യര്‍ ഒരാളെ പേരെടുത്തു വിളിക്കുമ്പോള്‍ ആ പേരിനുടമ വിളി കേള്‍ക്കുന്നതു പോലെ. എത്ര ബുദ്ധിശാലികളും ഹൃദയഹാരികളുമാണ് ആനകളെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.