മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93–ാം വയസ്സിൽ വീണ്ടും വിവാഹം. അറുപത്തിയേഴുകാരിയായ മോളിക്യുലാർ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് മർഡോക്ക് വിവാഹം ചെയ്തത്. കലിഫോർണിയയിൽ മർഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്.
ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. 1956-ൽ ഓസ്‌ട്രേലിയൻ ഫ്ലൈറ്റ് അറ്റൻഡന്റായ പട്രീഷ്യ ബുക്കറിനെയാണ് മർഡോക്ക് ആദ്യ വിവാഹം ചെയ്തത്. 1960-ൽ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് മാധ്യമപ്രവർത്തക അന്ന ടൊർവിനെ വിവാഹം കഴിച്ചു. 1999-ൽ വിവാഹമോചനം നേടി. അതിനുശേഷമായിരുന്നു വെൻഡി ഡെങുമായിട്ടുള്ള വിവാഹം. 2013-ൽ ഇരുവരും വേർപിരിഞ്ഞു.
2016-ൽ മോഡൽ ജെറി ഹാളിനെയാണ് വിവാഹം കഴിച്ചത്. 2021-ൽ ഈ ബന്ധവും ഒഴിഞ്ഞു. ആറുമക്കളാണ് മർഡോക്കിന്. ഓസ്‌ട്രേലിയൻ വംശജനായ മർഡോക്കിന്റേതാണ് ദ് വാൾ സ്ട്രീറ്റ് ജേണൽ, ഫോക്‌സ് ന്യൂസ് തുടങ്ങിയവ. ഫോബ്‌സ് പട്ടിക പ്രകാരം 20 ബില്യൻ ഡോളറിലധികമാണു മർഡോക്കിന്റെ ആസ്തി. കഴിഞ്ഞ നവംബറിൽ മർഡോക്ക് തൻ്റെ ആഗോള മാധ്യമ സാമ്രാജ്യത്തിന്‍റെ നിയന്ത്രണം മകൻ ലാച്‌ലന് കൈമാറി, എമിറിറ്റസ് പദവിയിലേക്ക് മാറുകയായിരുന്നു.