സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ക്ഷമാപണം നടത്തി മാര്‍പാപ്പ. ഇറ്റാലിയന്‍  ബിഷപ്പുമാരുടെ സ്വകാര്യയോഗത്തില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ മാര്‍പാപ്പ മോശം പരാമര്‍ശം നടത്തിയെന്ന് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈദിക വിദ്യാര്‍ഥികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിച്ച വാക്കാണ് വിവാദമായത്. ആരെയും വേദനിപ്പിക്കാന്‍ പാപ്പ ഉദ്ദേശിച്ചിരുന്നില്ലെന്നും ക്ഷമചോദിക്കുന്നുവെന്നും മാര്‍പാപ്പയുടെ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു.

സഭയില്‍ എല്ലാവര്‍ക്കും ഇടമുണ്ടെന്നും ആരും ഉപേക്ഷിക്കപ്പെടേണ്ടവരല്ലെന്നും  മാര്‍പാപ്പ പലവട്ടം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പുരോഗമനപരമായ സമീപനങ്ങളുടെപേരില്‍ ശ്രദ്ധേയനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുവേദികളില്‍ സ്വവര്‍ഗാനുരാഗികളോട് അനുതാപമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യയോഗത്തില്‍ മാര്‍പാപ്പ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന റിപ്പോര്‍ട്ട് നടുക്കമുണ്ടാക്കി. മാര്‍പാപ്പയായി ചുമതലയേറ്റ ആദ്യനാളുകളില്‍ സ്വവര്‍ഗാനുരാഗികളെക്കുറിച്ച് അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചപ്പോള്‍ ’വിധിക്കാന്‍ ഞാന്‍ ആരാണ് ’ എന്ന മറുചോദ്യമാണ് പാപ്പ ഉന്നയിച്ചത്. വൈദികര്‍ക്ക് ചില പ്രത്യേക സാഹചര്യങ്ങളില്‍  സ്വവര്‍ഗാനുരാഗികളെ ആശീര്‍വദിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞതും ശ്രദ്ധനേടിയിരുന്നു.

ENGLISH SUMMARY:

Pope Francis has apologised following reports that he used extremely derogatory language towards gay men