കടപ്പാട്; ഇന്‍സ്റ്റഗ്രാം, മിച്ചല്‍ ബ്രൂയിങ്കോ
‘ഒസാമ ബിന്‍ ലാജര്‍’ എന്നു പേരിട്ട ബിയര്‍ യുകെയില്‍ അതിവേഗം വിറ്റു തീര്‍ന്നു. ബിയര്‍ കുപ്പിക്കു പുറത്ത് ലാദന്റെ ചിത്രവും പേരും വച്ചാണ് പ്രൊഡക്ട് വില്‍പനക്കു വച്ചിരിക്കുന്നത്. പ്രൊഡക്ടും പേരും സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ ബിയര്‍ കയറി വൈറലായി. അതിവേഗ വില്‍പനയാണ് പിന്നീടു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആവശ്യക്കാരേറി വന്നതോടെ മിച്ചല്‍ ബ്രൂയിങ്കോ എന്ന കമ്പനിക്ക് വെബ്സൈറ്റ് ഷട്ട് ഡൗണ്‍ ചെയ്യേണ്ടി വന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. കമ്പനി ജീവനക്കാരെല്ലാം ഫോണ്‍കോളുകളുടെ അതിപ്രസരം കാരണം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പ്രൊഡക്ടാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. സിട്രസിന്റെ രുചിയുള്ള ഉന്‍മേഷദായകമായ ബിയറാണിതെന്നും കമ്പനി പറയുന്നു.
2011ല്‍ അമേരിക്ക കൊലപ്പെടുത്തിയ അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ കാരിക്കേച്ചറാണ് ബിയര്‍കുപ്പിക്കു പുറത്തുള്ളത്.
ലുക്ക് മിച്ചല്‍, കാതറിന്‍ മിച്ചല്‍ എന്നു പേരായ ദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് മിച്ചല്‍ ബ്രൂയിങ്കോ. ബിയര്‍ കുപ്പിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അപ്പോള്‍ മുതല്‍ ആയിരങ്ങളാണ് കോളിലൂടെയും മെസേജിലൂടെയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്. 48 മണിക്കൂറോളമായി തങ്ങള്‍ മുഴുവനായും തിരക്കിലാണെന്നും ദമ്പതികള്‍ വ്യക്തമാക്കുന്നു.
ബിയറിന്റെ പേരും കുപ്പിക്കു പുറത്തെ കാരിക്കേച്ചറും കാണുമ്പോള്‍ ആളുകള്‍ തലതല്ലി ചിരിക്കുകയാണെന്ന് കമ്പനി ഉടമസ്ഥന് പറയുന്നു. ഒസാമ ബിന്‍ ലാജര്‍ ബിയര്‍ വിറ്റു കിട്ടുന്ന പണത്തില്‍ നിന്നും പത്ത് യൂറോ സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ തീവ്രവാദി ആക്രമണത്തിലെ ഇരകള്‍ക്ക് നല്‍കുമെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ക്കുന്നു.