വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ നായകള്‍ ഉടമയായ സ്ത്രീയെ കടിച്ചു കീറിക്കൊന്നു. കിഴക്കന്‍ ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ ഇന്നലെയാണ് സംഭവം. നായ്ക്കള്‍ മാരകമായി കടിച്ചുകീറിയതായി വിവരം ലഭിച്ചതോടെ വൈദ്യസംഘം സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എക്സ് എല്‍ ബുള്ളീസ് എന്ന ഇനം നായ്ക്കളാണ് സ്ത്രീയുടെ ജീവനെടുത്തതെന്ന് മെട്രോപൊളീറ്റന്‍ പൊലീസ് അറിയിച്ചു. അതേസമയം, അക്രമത്തിന് പ്രേരിപ്പിച്ചഘടമെന്താണെന്ന് മനസിലായില്ലെന്നും വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ പണിപ്പെട്ടാണ് നായ്ക്കളെ കീഴടക്കിയതെന്നും പൊലീസ് വക്താവ് അറിയിച്ചു.
അതേസമയം, കൊല്ലപ്പെട്ട സ്ത്രീയുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 50 വയസിനടുത്ത പ്രായമാണ് ഇവര്‍ക്കുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. നിയമപരമായി റജിസ്റ്റര്‍ ചെയ്താണ് രണ്ട് എക്സ്. എല്‍ ബുള്ളികളെയും വളര്‍ത്തിയിരുന്നത്. പൊലീസെത്തുമ്പോള്‍ വീടിനുള്ളിലെ മുറിക്കുള്ളിലായിരുന്നു രണ്ട് നായ്ക്കളുമെന്നും പൊലീസ് പറഞ്ഞു.
അമേരിക്കന്‍ ബുള്ളി എന്നയിനം നായ്ക്കളുടെ സങ്കരയിനമാണ് എക്സ്.എല്‍ ബുള്ളി.ഇളവ് നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവര്‍ അമേരിക്കന്‍ എക്സ്.എല്‍ ബുള്ളികളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കുറ്റകരമാണ്. ഇത്തരം നായ്ക്കളെ വളര്‍ത്തുന്നവര്‍ കൃത്യമായ പ്രതിരോധ കുത്തിവയ്പ്പെടുത്തും, മൈക്രോ ചിപ്പ് ഘടിപ്പിച്ചും സുരക്ഷിതമായും മാത്രേ വളര്‍ത്താവൂവെന്നും ചട്ടമുണ്ട്. എക്സ്.എല്‍ ബുള്ളികളെ കൈമാറുന്നതും തെരുവില്‍ ഉപേക്ഷിക്കുന്നതും പരസ്യം ചെയ്യുന്നതും സമ്മാനമായി നല്‍കുന്നതും കുറ്റകരമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 23 പേരെ കടിച്ചു കൊന്നതിന് പിന്നാലെയാണ് എക്സ്.എല്‍ ബുള്ളികളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 68കാരിയും എക്സ്.എസ്‍ ബുള്ളിയുടെ കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊച്ചുമകനൊപ്പം അവധി ചെലവഴിക്കാനെത്തിയതായിരുന്നു എസ്തര്‍ മാര്‍ട്ടിന്‍ എന്ന സ്ത്രീ. എസ്തറിനെ ഉപദ്രവിച്ച രണ്ട് നായ്ക്കളെയും പൊലീസെത്തി വെടിവച്ച് കൊന്നു. വീട്ടിലുണ്ടായിരുന്ന 39കാരനെ നായ്ക്കളെ അപകടകരമായി വീട്ടില്‍ സൂക്ഷിച്ചതിന് അറസ്റ്റും ചെയ്തിരുന്നു.