അമിതവേഗത്തിലെത്തിയ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍– അമേരിക്കന്‍ വംശജരായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ജോര്‍ജിയയിലെ അല്‍ഫ്രേറ്റയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് അല്‍ഫ്രേറ്റ പൊലീസ് അറിയിച്ചു.
ആര്യന്‍ ജോഷി, ശ്രിയ അവര്‍സല, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ശ്രിയയും അന്‍വിയും ജോര്‍ജിയ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ആര്യന്‍ അല്‍ഫ്രേറ്റ ഹൈസ്കൂള്‍ വിദ്യാര്‍ഥിയുമാണ്. റിത്വക് സോംപള്ളി, മുഹമ്മദ് ലിയാഖത്ത് എന്നിവരാണ് പരുക്കേറ്റ രണ്ടുപേര്‍. റിത്വക്കാണ് അപകടസമയത്ത് കാറോടിച്ചിരുന്നതെന്നും നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ആര്യന്‍ ജോഷിയും ശ്രിയയും സംഭവ സ്ഥലത്ത് വച്ചും അന്‍വി നോര്‍ത്ത് ഫ്ലട്ടനിലെ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അപകടത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍പ്പെട്ടവരെല്ലാം തന്നെ പതിനെട്ട് വയസിന് മേല്‍ പ്രായമുള്ളവരാണ്. സര്‍വകലാശാലയിലെ ഡാന്‍സ് ടീമില്‍ അംഗമായിരുന്നു ശ്രിയയെന്നും അന്‍വി ടീമിലെ പാട്ടുകാരിയായിരുന്നുവെന്നും പൊലീസ് പറയുന്നു. കോളജിന്‍റെ സമൂഹമാധ്യമപേജുകളിലാണ് വിദ്യാര്‍ഥികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആര്യന്‍ ക്രിക്കറ്റ് ടീമംഗമായിരുന്നുവെന്നും സുഹൃത്തുക്കള്‍ കുറിച്ചു.