മാഫിയ തലവനുമായുള്ള അഭിമുഖം ചിത്രീകരിക്കാന്‍ ശ്രമിച്ച യുട്യൂബറെ ബന്ദിയാക്കി. അമേരിക്കന്‍ യുട്യൂബറായ അഡിസന്‍ മാലുഫിനെയാണ് ഹെയ്തിയില്‍ മാഫിയ സംഘം ബന്ദിയാക്കിയത്. ഹെയ്തിയിലെ ഏറ്റവും കുപ്രസിദ്ധനായ മാഫിയ തലവന്‍ ജിമ്മി ബാര്‍ബിക്യുവിന്റെ അഭിമുഖം എടുക്കാനാണ് യുവര്‍ ഫെലോ അറബ് എന്നറിയപ്പെടുന്ന യുട്യൂബര്‍ ജോര്‍ജിയയില്‍ നിന്ന് ഹെയ്തിയിലെത്തിയത്.
യുട്യൂബറെ മോചിപ്പിക്കാന്‍ വന്‍ തുകയാണ് ഇപ്പോള്‍ മാഫിയ സംഘം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുട്യൂബറെ മോചിപ്പിക്കാന്‍ ആറ് ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നതായാണ് വിവരം. ഹെയ്തിയില്‍ എത്തി 24 മണിക്കൂര്‍ പിന്നിടും മുന്‍പ് യുട്യൂബറെ മാഫിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാര്‍ച്ച് 14നാണ് യുട്യൂബര്‍ ഹെയ്തിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
14 ലക്ഷം യുട്യൂബ് സബ്സ്ക്രൈബര്‍മാരുള്ള അഡിസന്‍ മാലുഫ് അപകടം നിറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിഡിയോ പങ്കുവെച്ചാണ് ശ്രദ്ധ പിടിച്ചത്. യുട്യൂബറെ മോചിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് യുട്യൂബര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു.