• 'പുട്ടിനും റഷ്യന്‍ സര്‍ക്കാരും നുണയന്‍മാര്‍'
  • 'നവല്‍നിയുടെ മരണത്തില്‍ ശിക്ഷ വിദൂരമല്ല'
  • രാജ്യന്തര സമൂഹത്തിന്‍റെ പിന്തുണ തേടി യൂലിയ

കടുത്ത പുട്ടിന്‍ വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവല്‍നിയുടെ മരണത്തില്‍ പ്രതികരിച്ച് ഭാര്യ യൂലിയ നവല്‍ന്യ. മരണവാര്‍ത്തയില്‍ ദുരൂഹതയുണ്ടെന്നും പുട്ടിനെയും അദ്ദേഹത്തിന്‍റെ സര്‍ക്കാരിനെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും നുണയന്‍മാരാണെന്നുമായിരുന്നു യൂലിയയുടെ പ്രതികരണം. വാര്‍ത്തകള്‍ സത്യമെങ്കില്‍ പുട്ടിനും അദ്ദേഹത്തിന്‍റെ അനുയായികളും സര്‍ക്കാരും തന്നോടും കുടുംബത്തോടും രാജ്യത്തോടും ചെയ്ത ക്രൂരതയുടെ ഫലം അനുഭവിക്കുമെന്നും ആ ദിവസം അത്ര വിദൂരമല്ലെന്നും അവര്‍ പറഞ്ഞു. 

 

റഷ്യന്‍ ഭരണകൂട ഭീകരതയ്ക്കെതിരെ അണിനിരക്കണമെന്ന് അവര്‍ രാജ്യാന്തര സമൂഹത്തോട് അഭ്യര്‍ഥിച്ചു. ഈ ഭരണകൂടവും പുട്ടിനുമാണ് റഷ്യന്‍ ജനത ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങള്‍ക്കും കാരണമെന്നും യൂലി പറഞ്ഞു. 

 

19 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേയാണ് നവല്‍നിയുടെ അന്ത്യം. നടത്തത്തിനിടയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നവല്‍നി കുഴഞ്ഞ് വീണുവെന്നും ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്.