Alexei-Navalny-1-

 

alexei-navalny-1602

റഷ്യയിലെ എന്നല്ല ലോകത്തിലേക്കും കരുത്താനായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് വ്ലാഡിമിര്‍ പുട്ടിന്‍. ആ പുട്ടിന്‍ ഭയക്കുന്ന എതിരാളിയെന്നാല്‍ ചില്ലറക്കാരനാവാന്‍ വഴിയില്ല. ആ പുട്ടിനോട് മുട്ടാന്‍ പോന്ന എതിരാളായായിരുന്നു അഭിഭാഷകനായിരുന്ന അലക്‌സി നവല്‍നി. രണ്ട് ദശാബ്ദത്തിലേറെയായി പുട്ടിന്റെ കണ്ണിലെ കരട്. 19 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേ നവല്‍നി മരണപ്പെട്ടിരിക്കുന്നു. 

navalny-1-

 

പുട്ടിന്റെ രാഷ്ട്രീയ അധികാരത്തിന്റെ  ആണിക്കല്ല് തന്നെ അഴിമതിയാണെന്നായിരുന്നു അഴിമതിക്കെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ച നവല്‍നി 2011 ല്‍ ആരോപിച്ചത്. ഒരഭിഭാഷകന്റെ കൂര്‍മ ബുദ്ധിയോടെ നവല്‍നിയും സംഘവും പുട്ടിന്‍ വിരുദ്ധ വിഡിയോകള്‍ ഇറക്കി. യൂട്യൂബും സ്വന്തം ബ്ലോഗും ഇതിനായി ഉപയോഗിച്ചു. വിഡിയോകള്‍ ദശലക്ഷങ്ങളിലേക്ക് അതിവേഗം പ്രചരിച്ചു. പുട്ടിന്റെ ആംഡബര ജീവിതവും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിയും കണക്കറ്റ് പരിഹസിച്ചും നവല്‍നിയുടെ വിഡിയോകള്‍ ജനങ്ങളെ ആകര്‍ഷിച്ചു. 

navalny3

 

Policemen-detain-navalny

2011 ല്‍ പുട്ടിനെതിരെ റഷ്യന്‍ തെരുവുകളില്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ നവല്‍നി അറസ്റ്റിലായി. പിന്മാറാന്‍ നവല്‍നി ഒരുക്കമായിരുന്നില്ല. 2013 ല്‍ നടന്ന മോസ്‌കോ മേയര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.റഷ്യയിലെ ഒരു മാധ്യമങ്ങളുടെയും പിന്തുണ ലഭിക്കാതിരുന്നിട്ട് കൂടി 27 ശതമാനം വോട്ടുകളാണ് അന്ന് നവല്‍നി നേടിയെടുത്തത്. 

 

പുട്ടിന്‍ സര്‍ക്കാര്‍ അടങ്ങിയിരുന്നില്ല. പുട്ടിന്റെ ആഡംബര ജീവിതവും സ്വത്തുമെല്ലാം നവല്‍നിയുടെ കെട്ടുകഥകളാണെന്നും അമേരിക്കന്‍ ചാര സംഘടനയുടെ കളിപ്പാവയാണ് നവല്‍നിയെന്നും ഇപ്പറയുന്ന അഴിമതി വിരുദ്ധ പോരാട്ടമെല്ലാം വെറും പടമാണെന്നും ക്രെംലിന്‍ പ്രചരിപ്പിച്ചു. പക്ഷേ അവിടെയും അവസാനിച്ചില്ല. 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ നവല്‍നിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടനടി പൈലറ്റ് വിമാനം നിലത്തിറക്കിയതിനാല്‍ ചികില്‍സയിലൂടെ നവല്‍നി ജീവിതത്തിലേക്ക് മടങ്ങി വന്നു. ബെര്‍ലിനില്‍ നടത്തിയ വിശദമായ പരിശോധനയില്‍ നൊവിചോക് എന്ന വിഷത്തിന്റെ സാന്നിധ്യം നവല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തി. സോവിയറ്റ് ചാരന്‍മാര്‍ക്കായി സോവിയറ്റ് യൂണിയന്‍ നിര്‍മിച്ചെടുത്ത കൊടുവിഷമായിരുന്നു അത്..! ഇത്രയ്ക്കും ഭയക്കേണ്ട എതിരാളിയോ നവല്‍നിയെന്ന് ലോകരാജ്യങ്ങള്‍ വരെ മൂക്കത്ത് വിരല്‍ വച്ചു. അടിവസ്ത്രത്തില്‍ വിഷം പുരട്ടിയാണ് നവല്‍നിയെ വകവരുത്താന്‍ ശ്രമിച്ചതെന്ന് അനുയായികള്‍ ആരോപണം ഉയര്‍ത്തി. ഇതിനായി ചില തെളിവുകളും പുറത്തുവിട്ടു. കൊല്ലണമെന്ന് റഷ്യന്‍ സുരക്ഷാ സേന വിചാരിച്ചിരുന്നുവെങ്കില്‍ പണ്ടേ തീര്‍ത്തേനെയെന്നായിരുന്നു പുട്ടിന്‍ ഇതിന് മറുപടി നല്‍കിയത്. 

 

കൊല്ലാനുള്ള ശ്രമം മറനീക്കി പുറത്തു വന്നിട്ടും റഷ്യയിലേക്ക് മടങ്ങാന്‍ നവല്‍നി തീരുമാനിചു. 2021ല്‍ റഷ്യയില്‍ വന്നിറങ്ങയിതിന് പിന്നാലെ നവല്‍നി അറസ്റ്റിലായി. അന്ന് മുതല്‍ നവല്‍നി തടവിലാണ്. പതിനൊന്നര വര്‍ഷത്തെ തടവുശിക്ഷയ്ക്ക് പുറമെ അഴിമതി, ഫണ്ട് തിരിമറി, തീവ്രവാദം തുടങ്ങി അസംഖ്യം വകുപ്പുകള്‍ കൂടി ചുമത്തി 2023 ഓഗസ്റ്റില്‍ 19 വര്‍ഷത്തേക്ക് കൂടി നവല്‍നിക്ക് ശിക്ഷ വിധിച്ചു. തനിക്കെതിരെ  എടുത്ത കേസുകളെല്ലാം പുട്ടിന്റെ ഭയത്തില്‍ നിന്ന് ഉടലെടുത്തതാണെന്നും അടിസ്ഥാന രഹിതമാണെന്നുമായിരുന്നു നവല്‍നിയുടെ മറുപടി. തന്റെ പൊതുജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും തകര്‍ക്കാനാണ് പുട്ടിന്റെ ശ്രമമെന്നും നവല്‍നി തുറന്നടിച്ചു. അങ്ങനെയിരിക്കെ 2023 ഡിസംബറില്‍ നവല്‍നിയെ പീനല്‍ കോളനി ആറില്‍ നിന്ന് കാണാതെയായി. നവല്‍നിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 680 അപേക്ഷകളാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയത്. ഒടുവില്‍ നീണ്ട 20 ദിവസത്തിന് ശേഷമാണ് നവല്‍നി ജീവനോടെയുണ്ടെന്നും ആര്‍ടികിലെ ധ്രുവ ചെന്നായക്കോളനിയെന്ന് അറിയപ്പെടുന്ന ഐകെ -3 ലാണെന്നും വാര്‍ത്തകള്‍ പുറത്തു വന്നത്. റഷ്യയിലെ തന്നെ ഏറ്റവും കാഠിന്യമേറിയ തടവറയായാണ് ഈ കോളനിയെ കണക്കാക്കി പോരുന്നത്. നീണ്ടുനില്‍ക്കുന്ന അതിശൈത്യവും കൂരിരുട്ടും വേനല്‍ക്കാലത്ത് പൊരി വെയിലും കൊതുകശല്യവുമാണ് ഇവിടെയുള്ളത്. സ്റ്റാലിന്റെ ഭരണകാലത്താണ് ഈ ജയില്‍ നിര്‍മിച്ചത്. ജീവിതം സാധ്യമാകുന്നതിനുമപ്പുറം ദുസ്സഹമാക്കിയാണ് ക്രെംലിന്‍ നവല്‍നിയെ ശിക്ഷിച്ചത്. ഒടുവിലിതാ സവാരിക്ക് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് നവല്‍നി മരിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 

 

മാര്‍ച്ച് 17 ന് റഷ്യയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്ത പുറത്ത് വരുന്നതെന്നത് ആസൂത്രിത കൊലപാതകമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നുമുണ്ട്. അഞ്ചാം തവണയും അധികാരത്തിലേക്കുള്ള പുട്ടിന്റെ എളുപ്പവഴിയായിരുന്നോ നവല്‍നിയുടെ അസ്വാഭാവിക മരണമെന്ന് വരും ദിവസങ്ങളില്‍ അറിയാം.