നെതർലൻഡ്സ് മുന്‍ പ്രധാനമന്ത്രി ഡ്രിസ് വന്‍ ആഗ്റ്റും ഭാര്യ യുജെനി വൻ ആഗ്റ്റും ദയാവധത്തിനു വിധേയരായി. 93 വയസ്സുളള ഡ്രിസ് വന്‍ ആഗ്റ്റും ഭാര്യയും ഈമാസം അഞ്ചിനാണ് ദയാവധം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. റൈറ്റ്സ് ഫോറം എന്ന സംഘടനയാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്. 1977 മുതൽ 1982 വരെ അഞ്ചു വർഷക്കാലം നെതർലൻഡ്സിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രിസ് വന്‍. ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിലെ നിലപാടിന്റെ പേരിൽ തെറ്റി 2017-ലാണ് ഡ്രിസ് പാർട്ടിവിട്ടത്.
ഇരുവരും കൈകോര്‍ത്ത് പിടിച്ചാണ് ദയാവധം സ്വീകരിച്ചത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളി ആയിത്തുടങ്ങിയപ്പോള്‍ ഇരുവരും ദയാവധത്തിന് മുന്‍കൈയ്യെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2019ൽ ഒരു പ്രസംഗത്തിനിടെ ഡ്രിസ് വന്‍ ആഗ്റ്റിന് മസ്തിഷ്ക രക്തസ്രാവമുണ്ടായി. പിന്നീട് ആ രോഗത്തില്‍ നിന്നും അദ്ദേഹത്തിന് മുക്തനാകാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മരണത്തിലും അദ്ദേഹത്തിനൊപ്പം നിന്നു ജീവിതപങ്കാളിയായ യുജെനി വൻ ആഗ്റ്റ്. നിജ്മെഗൻ എന്ന നെതർലാൻഡ്സിലെ കിഴക്കൻ നഗരത്തില്‍ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നതായാണു വിവരം.
2002-ൽ ദയാവധത്തിന് നിയമപരമായി അനുമതിനൽകിയ രാജ്യമാണ് നെതർലൻഡ്സ്. കണക്കുകള്‍ പ്രകാരം ഒരു വർഷം ആയിരം പേരെങ്കിലും ദയാവധത്തിനു വിധേയരാകുന്നുണ്ട്. രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ, അസഹനീയമായ യാതന തുടങ്ങിയ സാഹചര്യങ്ങളിൽ ദയാവധമാകാം എന്നാണു നിയമം. ഡോക്ടർമാരുടെ സഹായത്തോടെ ദയാവധം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്സിലുണ്ട്. ദമ്പതികൾ ഒരുമിച്ചു ദയാവധം തിരഞ്ഞെടുക്കുന്ന പ്രവണതയും രാജ്യത്തു കൂടിവരികയാണ്. കഴിഞ്ഞവർഷം അമ്പതോളം ദമ്പതികളാണ് ദയാവധത്തിനു വിധേയരായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Former Dutch Prime Minister dies hand in hand with his wife