ആകാശച്ചാട്ടം പിഴച്ച് ബ്രിട്ടീഷ് സ്കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. പട്ടായയിലെ 29 നിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് നാതി ഒഡിന്‍സണെന്ന 33കാരന്‍ മരിച്ചത്. കേംബ്രിഡ്ജ് സ്വദേശിയായ നാതി അനധികൃതമായാണ് കെട്ടിടത്തിന്‍റെ 29–ാം നിലയില്‍ നിന്നും ആകാശച്ചാട്ടം നടത്തിയത്. നാതി മുകളില്‍ നിന്നും ചാടിയപ്പോള്‍ പാരഷൂട്ട് തകരാറിലായതിനെ തുടര്‍ന്ന്് പൊടുന്നനെ നിലത്തേക്ക് പതിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
കടല്‍ത്തീര റിസോര്‍ട്ടിലെത്തിയ നാതിയും സുഹൃത്തും വാഹനം താഴെ പാര്‍ക്ക് ചെയ്തു. നാതി മുകളിലേക്ക് കയറിപ്പോവുകയും സുഹൃത്ത് വിഡിയോ പകര്‍ത്തുന്നതിനായി താഴെ തന്നെ നില്‍ക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളില്‍ നിന്നും നാതി ചാടിയെങ്കിലും പാരഷൂട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്ത് വിവരം പൊലീസില്‍ അറിയിച്ചു. വൈദ്യസംഘമെത്തി നടത്തിയ പരിശോധനയില്‍ യുവാവ് തല്‍ക്ഷണം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാതി മുന്‍പ് പലവട്ടം ഇതേ കെട്ടിടത്തില്‍ നിന്ന് ആകാശച്ചാട്ടം നടത്തിയിട്ടുണ്ടെന്നും പലപ്പോഴും താഴെ കൂടി നടന്നുപോകുന്നവര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ടെന്നും ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇയാള്‍ ചിത്രീകരിച്ച വിഡിയോ പരിശോധനയ്ക്കായി പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. പാരച്യൂട്ടും പരിശോധനയ്ക്കായി കൊണ്ടുപോയി. താന്‍ നടത്തിയ ആകാശച്ചാട്ടങ്ങളുടെ വിഡിയോ മുന്‍പും നാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അപകടത്തിന്‍റെ വിവരം നാതിയുടെ കുടുംബത്തെ അറിയിക്കുന്നതിനായി പൊലീസ് എംബസിക്ക് കൈമാറി.
Parachute failed to open; British skydiver falls to death