വിദേശപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്നഭൂമിയായ കാനഡ വിദ്യാര്‍ഥി വീസ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കി. ഈ വര്‍ഷം സ്റ്റുഡന്‍റ് വീസ 35 ശതമാനം കുറയ്ക്കും. 2023ല്‍ 5,60,000 വീസകള്‍ നല്‍കിയിരുന്നിടത്ത് ഈ വര്‍ഷം 3,64,000 മാത്രം. വേണ്ടത്ര വീടുകളോ ഹോസ്റ്റലുകളോ ഇല്ലാത്തതാണ് അടിയന്തര ഇടപെടലിന് കാരണമെന്നാണ് കുടിയേറ്റകാര്യ മന്ത്രി മാര്‍ക് മില്ലറിന്‍റെ വിശദീകരണം. 2025ല്‍ എത്ര വിദ്യാര്‍ഥികള്‍ക്ക് വീസ അനുവദിക്കാന്‍ കഴിയും എന്നത് ഈ വര്‍ഷം അവസാനമേ അറിയാനാകൂ. ഉപരിപഠനവും തുടര്‍ന്ന് ജോലിയും സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ തീരുമാനങ്ങള്‍ കനത്ത തിരിച്ചടിയാകും.
35 ശതമാനം കുറവ് എന്നത് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ പല രീതിയിലാകും നടപ്പാക്കുക. ഓരോ പ്രവിശ്യയിലേയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാകും എത്ര വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം എന്ന് തീരുമാനിക്കുക. ചില പ്രവിശ്യകളില്‍ ഇപ്പോള്‍ അനുവദിക്കുന്നതിന്‍റെ പകുതി വീസ മാത്രമേ ഇനി ലഭിക്കൂ എന്ന് ചുരുക്കം. മാത്രമല്ല സ്റ്റുഡന്‍റ് പെര്‍മിറ്റ് ലഭിക്കാന്‍ അതത് പ്രവിശ്യകളില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണം.
ബിരുദം നേടിയശേഷം വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിലും നിയന്ത്രണം വരും. പബ്ലിക് കോളജുകളില്‍ അഫിലിയേറ്റ് ചെയ്ത് അവിടത്തെ കരിക്കുലം ഉപയോഗിച്ച് ബിരുദം നല്‍കുന്ന കോളജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. മാസ്റ്റേഴ്സ് ബിരുദം നേടുന്നവര്‍ക്കും തിരഞ്ഞെടുത്ത ഷോര്‍ട്ട് ഗ്രാജ്വേറ്റ് ലെവല്‍ പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കും മൂന്നുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. മാസ്റ്റേഴ്സ്, ഡോക്ടറല്‍ വിദ്യാര്‍ഥികളുടെ ജീവിതപങ്കാളികള്‍ക്കും ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടാകും. വിദ്യാര്‍ഥി വീസ ലഭിക്കുന്നവര്‍ കരുതല്‍ തുകയായി കാണിക്കേണ്ട പണം 10,000 കനേഡിയന്‍ ഡോളര്‍ അഥവാ 6.14 ലക്ഷം രൂപയായിരുന്നത് ഈ മാസം മുതല്‍ 20,635 കനേഡിയന്‍ ഡോളര്‍ അഥവാ 12.67 ലക്ഷം രൂപയാക്കിയിരുന്നു.
സ്വകാര്യ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വലിയ തട്ടിപ്പ് തടയുക എന്ന ഉദ്ദേശ്യം കൂടി പുതിയ നടപടികള്‍ക്കുപിന്നിലുണ്ട് എന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നു. വേണ്ടത്ര അടിസ്ഥാനസൗകര്യമോ പഠന സാമഗ്രികളോ മികവുള്ള അധ്യാപകരോ ഇല്ലാതെയാണ് പല സ്വകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി തന്നെ പറയുന്നു. രാജ്യാന്തര വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് ട്യൂഷന്‍ ഫീസ് ആയും മറ്റും വന്‍തുക തട്ടിയെടുക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും മാര്‍ക്ക് മില്ലര്‍ വെളിപ്പെടുത്തി. കാനഡയില്‍ സ്ഥിരതാമസം സ്വപ്നം കാണുന്നവരെ ലക്ഷ്യമിട്ട് വ്യാജ ബിസിനസ് ബിരുദസര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരും ധാരാളം.
2022ല്‍ കാനഡയില്‍ എത്തിയ അഞ്ചരലക്ഷം വിദേശ വിദ്യാര്‍ഥികളില്‍ 41 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും കാനഡയിലെത്തുന്നുണ്ട്. വീസ എണ്ണം കുറയുന്നതോടെ കനേഡിയന്‍ സര്‍വകലാശാലകളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇന്‍ടേക്ക് കുറയും. അത് മികച്ച യോഗ്യതയുള്ള ജനപ്രിയ കോഴ്സുകള്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ഥികളെ വല്ലാതെ ബാധിക്കുകയും ചെയ്യും.
കാനഡ താവളമാക്കിയ ഖലിസ്ഥാന്‍ ഭീകരെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞുനില്‍ക്കുമ്പോഴാണ് സ്റ്റുഡന്‍റ് വീസ നിയന്ത്രണം കൂടി വരുന്നത്. നയതന്ത്രപ്രശ്നവുമായി ഇതിന് ബന്ധമില്ലെന്ന് കാനഡ തറപ്പിച്ചു വപറയുന്നു. അമിതമായ കുടിയേറ്റം പ്രാദേശിക സമൂഹങ്ങളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അതുകാരണം പ്രവിശ്യാഭരണകൂടങ്ങള്‍ ചെലുത്തിയ സമ്മര്‍ദവുമാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ പുതിയ നടപടികള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.
വീസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും വിദേശ വിദ്യാര്‍ഥികളില്‍ നിന്നുള്ള വരുമാനം തള്ളിക്കളയാനാവില്ല. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മാത്രം ഓരോ വര്‍ഷവും 14,640 കോടി യുഎസ് ഡോളറോളം കാനഡയില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും മാത്രമല്ല സര്‍ക്കാരിനും ഇത് നല്ല വരുമാനമാര്‍ഗമാണ്. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ കാലക്രമത്തില്‍ ഇളവുചെയ്യുമെന്ന പ്രതീക്ഷയാണ് വിദേശപഠനം സ്വപ്നം കാണുന്നവര്‍ക്കും വാഗ്ദാനം ചെയ്യുന്നവര്‍ക്കും ഉള്ളത്. ഏതായാലും വിദേശത്തെ ഉന്നത വിദ്യാഭ്യാസത്തിന് മെച്ചപ്പെട്ട പുതിയ മേഖലകള്‍ കൂടി തിരയേണ്ടിവരുമെന്ന ഓര്‍മപ്പെടുത്തല്‍ പുതിയ സാഹചര്യം മുന്നോട്ടുവയ്ക്കുന്നു.
canada to cut down intake of international students