donetsk-shell-attack

യുക്രെയ്നിലെ റഷ്യന്‍ അധീന നഗരമായ ഡോണെറ്റ്സ്കിൽ നടന്ന ഷെല്ലാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അതേയമയം യുക്രെയ്ന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോണെറ്റ്സ്കിലെ റഷ്യന്‍ ഭരണകൂടത്തിന്‍റെ തലവനായ ഡെനിസ് പുഷിലിൻ ആരോപിച്ചു. തിരക്കേറിയ നഗരത്തില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണ് റഷ്യ. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നഗരത്തില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

സമാധാനം കൈവരിക്കുന്നതിനും നയതന്ത്ര മാർഗങ്ങളിലൂടെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമാണ് യുക്രെയ്ന്‍റെ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡോണെറ്റ്സ്ക് നഗരത്തിന് നേരെയുള്ള ഷെല്ലാക്രമണം സിവിലിയന്‍മാര്‍ക്കുള്ള ആക്രമണമാണെന്നും അക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും യുണൈറ്റഡ് നേഷൻസ് സെക്രട്ടറി ജനറൽ ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

2014 ലാണ് കിഴക്കന്‍ യുക്രെയിനിലെ ഡോണെറ്റ്സ്ക് നഗരവും ചില ഭാഗങ്ങളും റഷ്യൻ പിന്തുണയുള്ള സൈന്യം പിടിച്ചെടുക്കുന്നത്. അന്നുമുതൽ പ്രദേശം ഭാഗികമായി മോസ്കോയുടെ നിയന്ത്രണത്തിലാണ്. യുക്രെയിനിനു മുകളില്‍ അധിനിവേശം സ്ഥാപിക്കാനുള്ള റഷ്യയുടെ യുദ്ധം ആരംഭിച്ചതിന് ശേഷം 2022ൽ റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെട്ട നാല് യുക്രേനിയൻ പ്രദേശങ്ങളിൽ ഒന്നാണിത്. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി കാര്യമായ പുരോഗതി കൈവരിക്കാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

27 people have been killed and 25 injured in a shell attack at Russian-occupied city of Donetsk in Ukraine