ചികില്‍സാര്‍ഥം ഇന്ത്യന്‍ വിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള അനുമതി മാലദ്വീപ് നിഷേധിച്ചതോടെ അത്യാസന്ന നിലയിലാരുന്ന 14കാരന്‍റെ ജീവന്‍ നഷ്ടമായെന്ന് ആരോപണം. മാലദ്വീപ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ബ്രെയിന്‍ട്യൂമര്‍ ബാധിതനായിരുന്ന 14കാരനാണ് പെട്ടെന്ന് സ്ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ചികില്‍സ വൈകിയതോടെ മരണത്തിന് കീഴടങ്ങിയത്. കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്ലിയില് നിന്നും മാലെയിലേക്ക് മാറ്റുന്നതിനായാണ് സര്‍ക്കാരിന്‍റെ സഹായം തേടിയത്. എന്നാല്‍ ഇന്ത്യന്‍ ഹെലികോപ്ടറാണ് എത്തുന്നതെന്ന് അറിയിച്ചതോടെയാണ് അനുമതി നിഷേധിക്കപ്പെട്ടതെന്ന് കുടുംബം പറയുന്നു. ദ്വീപിലെ വ്യോമയാന വിഭാഗത്തിന്‍റെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൃത്യമായ ചികില്‍സയ്ക്കുള്ള സൗകര്യമൊരുക്കാന്‍ കുടുംബം പരാജയപ്പെട്ടുവെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നും അധികൃതര്‍ പറയുന്നു. സാധാരണഗതിയിലുള്ള മെഡിക്കല്‍ ഇവാക്വേഷന് പ്രസിഡന്‍റിന്‍റെ അനുവാദം ആവശ്യമില്ലെന്നും കൃത്യമായ വഴിയിലൂടെയാവില്ല എയര്‍ലിഫ്റ്റിങിന് കുടുംബം ശ്രമിച്ചതെന്നുമായിരുന്നു മാലദ്വീപ് പ്രതിരോധമന്ത്രിയുടെ പ്രതികരണം. 93 ശതമാനം മെഡിക്കല്‍ ഇവാക്വേഷനും മാലദ്വീപ് വിമാനക്കമ്പനികള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ വ്യക്തമാക്കി. സ്ട്രോക്ക് വന്നതിന് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒടുവില്‍ രോഗിയെ മാലെയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. പ്രസിഡന്‍റിന് ഇന്ത്യയോടുള്ള വിരോധത്തില്‍ ജനങ്ങളുടെ ജീവന്‍ പൊലിയാനിടയാകുന്നത് ശരിയല്ലെന്നായിരുന്നു മാലദ്വീപ് എംപി മീകെയല്‍ നസീമിന്‍റെ പ്രതികരണം.
ഒരു കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ സഹായം തേടിയുള്ള അഭ്യര്‍ഥന ലഭിച്ചിരുന്നുവെന്ന് കോപ്ടര്‍ നടത്തിപ്പ് കമ്പനിയായ അസാന്ദ കമ്പനി ലിമിറ്റഡ് സ്ഥിരീകരിച്ചു. എയര്‍ലിഫ്റ്റിങിനായുള്ള നടപടികള്‍ ആരംഭിച്ചതാണെന്നും എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര മുടങ്ങിയെന്നും കമ്പനി അധികൃതര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ഇടപെടലുണ്ടായോ എന്നതില്‍ കമ്പനി പ്രതികരിച്ചിട്ടില്ല.
അടിയന്തര ചികില്‍സ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി എയര്‍ ലിഫ്റ്റിങിനായി നേവിയുടെ രണ്ട് ഹെലികോപ്ടറുകളും ഒരു ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റും ഇന്ത്യ നേരത്തെ മാലദ്വീപിലേക്ക് അനുവദിച്ചിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇന്ത്യ– മാലദ്വീപ് ബന്ധം വഷളായത്.