ദക്ഷിണകൊറിയന്‍ സംഗീതവും സിനിമയും ആസ്വദിച്ചതിന് 2 കൗമാരക്കാര്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് ഉത്തരകൊറിയ. കുറ്റാരോപിതരായ ചെറുപ്പക്കാര്‍ക്ക് 12 വര്‍ഷത്തെ ശിക്ഷയാണ് ഉത്തരകൊറിയന്‍ അധികാരികള്‍ വിധിച്ചത്. പ്രതികളെ വിചാരണ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഡിയോ സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. ഉത്തരകൊറിയന്‍ ലേബര്‍ ക്യാംപില്‍ 12 വര്‍ഷം ഇരുവരും ശിക്ഷ അനുഭവിക്കണം. 12 വര്‍ഷത്തെ കഠിനാധ്വാനമാണ് ശിക്ഷയിലൂടെ ഉദ്ദേശിക്കുന്നത്.

സാധാരണ ജയില്‍ ശിക്ഷയെക്കാള്‍ കടുപ്പമാണ് ക്യാംപിലെ തടവ് ശിക്ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍. രാപകലുളള പണി, ഭക്ഷണത്തിന്‍റെ ലഭ്യതക്കുറവ് തുടങ്ങിയവെല്ലാമാണ് ക്യാംപില്‍ നേരിടേണ്ടിവരിക. സാധാരണഗതിയില്‍ ഉത്തരകൊറിയയില്‍ കുറ്റം ചെയ്തവരെ ക്യാംപിലേക്ക് അയ്ക്കാന്‍ അധികാരികള്‍ വിധിച്ചാല്‍ അയളുടെ കുടുംബവും ക്യാംപിലേക്ക് പോകേണ്ടതായി വരും. പ്രതിയുടെ മൂന്നുതലമുറ ക്യാംപില്‍ നരഗയാതന അനുഭവിക്കേണ്ടി വരുന്ന സാഹചര്യവും ഉത്തരകൊറിയയിലെ സ്ഥിരം കാഴ്ച്ചയാണ്. 

ദക്ഷിണ കൊറിയന്‍ മ്യൂസിക് വീഡിയോകള്‍, സിനിമകള്‍, സംഗീതം എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാരോപിച്ചാണ് 2 വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയയില്‍ 2020ല്‍ വന്ന പുതിയ നിയമപ്രകാരം ദക്ഷിണ കൊറിയന്‍ സിനിമ സംഗീതം എന്നിവ ആസ്വദിക്കുന്നതിന് പിടിക്കപ്പെടുന്നവര്‍ക്ക് കഠിനമായ ശിക്ഷകളാണ് നല്‍കിവരുന്നത്. പുറത്തുവന്ന ദൃശ്യങ്ങളില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൈകൂപ്പി നില്‍ക്കുന്നത് കാണാം. പൊതുവിചാരണയുടെ വിഡിയോ ദൃശ്യമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തില്‍ പരം വിദ്യാര്‍ഥികള്‍ വിചാര കണ്ടുകൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാല്‍ ദൃശ്യങ്ങളിലുളള എല്ലാവരും മാസ്ക് ധരിച്ചിരിക്കുന്നതിനാല്‍ ഈ ദൃശ്യങ്ങള്‍ കോവിഡ് സമയത്ത് ചിത്രീകരിച്ചതാണെന്നാണ് സൂചന. ദൃശ്യങ്ങളുടെ ആധികാരിത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടുചെയ്തിരുന്നു. അതേസമയം ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള കടുത്ത ശിക്ഷ നല്‍കുന്നതെന്ന് സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  പ്രസിഡന്റും ടോക്കിയോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ ഡോക്ടറുമായ ചോയ് ക്യോങ്-ഹുയി പറഞ്ഞു. കൂടാതെ ദക്ഷിണ കൊറിയന്‍ജീവിതശൈലി ഉത്തര കൊറിയന്‍ സമൂഹത്തില്‍ പ്രബലമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും ചോയ് ക്യോങ്-ഹുയി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ ഉത്തരകൊറിയന്‍ ജീവിത ശൈലിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതാവ് കിം ജോങ് ഉന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും ചോയ് ക്യോങ്-ഹുയി അറിയിച്ചു.

2 teenagers sentenced to 12 years of hard labour for watching south korean film and music