ചത്തുപോയ ആനകളിലൊന്ന് (ചിത്രം: Bhejane Trust)
കടുത്ത വരള്‍ച്ചയെയും ചൂടിനെയും തുടര്‍ന്ന് സിംബാബ്വെയില് 160 ഓളം ആനകള്‍ ചത്തതായി റിപ്പോര്‍ട്ട്. ആനകളുടെ ജീവന്‍ അപകടാവസ്ഥയിലാണെന്നും നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്നും അധികൃതര്‍ ഭയക്കുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഹ്വാങ്ക് ദേശീയ പാര്‍ക്കില്‍ സംരക്ഷിച്ചിരുന്ന കാളകള്‍, സിംഹങ്ങള്‍, ചീറ്റപ്പുലികള്‍ , ജിറാഫുകള്‍ തുടങ്ങി നിരവധി ജന്തുക്കള്‍ കൂട്ടത്തോടെ ചത്തു.
ചിത്രം; Bhejane Trust
പ്രാഥമിക പരിശോധനയില്‍ ആനകളിലേറെയും ജലാശയത്തിന് 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ മാത്രം അകലെയാണ് ചത്ത് കിടന്നതെന്നും ദാഹിച്ച് വലഞ്ഞാണ് മരണമെന്ന് കണ്ടെത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി. ചത്തുപോയ ആനകളില്‍ പ്രായം കുറഞ്ഞവയും പ്രായമേറിയവും രോഗബാധിതരായ ആനകളും ഉണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
തെക്കനാഫ്രിക്കയിലെങ്ങും വരണ്ടകാലാവസ്ഥയും വരള്‍ച്ചയും നീണ്ടുനില്‍ക്കുന്ന ചൂടുകാലവും പതിവായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്കും നവംബറിനുമിടയില്‍ ഹ്വാങ്ക് പാര്‍ക്കില്‍ ഒരു മഴ പോലും പെയ്തിട്ടില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. പോഷകാഹാരക്കുറവും ഉയര്‍ന്ന താപനിലയും വെള്ളത്തിന്‍റെ ദൗര്‍ലഭ്യതയും ജന്തുക്കളുടെ ജീവനെടുക്കുകയാണെന്നും ഇത് ഈ വര്‍ഷവും ആവര്‍ത്തിക്കുമോയെന്ന ഭയമുണ്ടെന്നും സംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. 2023 ല്‍ സാധാരണയായി ലഭിക്കേണ്ടതിന്‍റെ പകുതിയോളം മഴ മാത്രമാണ് സിംബാബ്വെയില് പെയ്തത്.