2023ലെ സമാധാന നൊബേല്‍ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗിസ് മൊഹമ്മദിക്ക് 15 മാസം കൂടി തടവുശിക്ഷ വിധിച്ച് ഇറാനിലെ കോടതി. ജയിലില്‍ കഴിഞ്ഞുകൊണ്ട് രാജ്യത്തിനെതിരെ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ചാണ് ശിക്ഷ. 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന മൊഹമ്മദിയെ 2021 മാര്‍ച്ച് മുതല്‍ ഇതുവരെ അഞ്ച് പുതിയ കേസുകളിലാണ് ശിക്ഷിച്ചത്. പുതിയ കേസില്‍ വിചാരണ സമയത്തുപോലും അവരെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പതിറ്റാണ്ടുകളായി മനുഷ്യാവകാശപ്രവര്‍ത്തനം തുടരുന്ന മൊഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്യുകയും വിവിധ കേസുകളിലായി 31 വര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
പുതിയ കേസിലെ വിധി അനുസരിച്ച് അധികശിക്ഷാകാലാവധിക്ക് പുറമേ രണ്ടുവര്‍ഷത്തേക്ക് നര്‍ഗീസ് മൊഹമ്മദിയെ ടെഹ്റാന് പുറത്തേക്ക് നാടുകടത്തുകയും ചെയ്യും. ഇപ്പോള്‍ കഴിയുന്ന കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ നിന്ന് അവരെ മാറ്റേണ്ടിവരുമെന്ന് ചുരുക്കം. ശിക്ഷാകാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം വിദേശത്ത് പോകുന്നതിനും വിലക്കുണ്ട്. രാഷ്ട്രീയ, സാമൂഹികസംഘടനകളില്‍ അംഗത്വമെടുക്കരുത്, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളും വിധിയില്‍ പറയുന്നു.
ഇറാനില്‍ സ്ത്രീകള്‍ നേരിടുന്ന കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സന്ധിയില്ലാ സമരമാണ് നര്‍ഗീസ് മൊഹമ്മദിക്ക് കഴിഞ്ഞവര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്കാരം നേടിക്കൊടുത്തത്. ജയിലിലായതിനാല്‍ മൊഹമ്മദിയുടെ മക്കളാണ് ഓസ്‌ലോയില്‍ പുരസ്കാരം സ്വീകരിക്കാനെത്തിയത്. ജയിലില്‍ നിന്ന് ഒളിപ്പിച്ചുകടത്തിയ കടലാസുകഷ്ണത്തില്‍ മൊഹമ്മദി കുറിച്ച വാക്കുകള്‍ അവര്‍ പുരസ്കാര സമര്‍പ്പണച്ചടങ്ങളില്‍ വായിക്കുകയും ചെയ്തു.
Iran sentences Nobel laureate Narges Mohammadi to additional prison term of 15 months