ഇന്ത്യക്കാര്‍ ബഹിഷ്കരിച്ചതോടെ വന്‍തോതില്‍ വരുമാനമിടിഞ്ഞതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി മാലദ്വീപ് ടൂറിസം അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങളെ തുടര്‍ന്ന് മാലദ്വീപിലേക്കുള്ള ബുക്കിങ് 'യീസ് മൈ ട്രിപ്' നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് മാലദ്വീപിലെ ടൂര്‍ ആന്‍റ് ട്രാവല്‍ ഓപറേറ്റേഴ്സിന്‍റെ സംഘടനയാണ് യീസ് മൈ ട്രിപുമായി ബന്ധപ്പെട്ടത്. മൂന്ന് മുന്‍മന്ത്രിമാര്‍ നടത്തിയ അഭിപ്രായ പ്രകടനം മാലദ്വീപിലെ ജനങ്ങളുടെ അഭിപ്രായമല്ലെന്നും ഇന്ത്യക്കാരെ സഹോദരീ–സഹോദരങ്ങളായാണ് കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇക്കാലമത്രയും ഇന്ത്യ കാണിച്ച സൗഹൃദത്തിനും സഹകരണത്തിനും മാലദ്വീപ് നന്ദിയുള്ളവരായിരിക്കുമെന്നും രാഷ്ട്രീയത്തിനപ്പുറമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. മാലദ്വീപിന്‍റെ ജീവനാഡി ടൂറിസമാണ്. അരലക്ഷത്തിനടുത്ത് മാലദ്വീപുകാരാണ് ടൂറിസം കൊണ്ട് ഉപജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ നിലവിലെ ബഹിഷ്കരണം വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും ജീവിതമാര്‍ഗം വഴിമുട്ടുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. അതിവേഗം ബുക്കിങ് പുനഃരാരംഭിക്കണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു.
ഏറ്റവുമധികം വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരുന്നത് ഇന്ത്യയില്‍ നിന്നുമായിരുന്നുവെന്ന് മാലദ്വീപ് സര്‍ക്കാര്‍ തന്നെ 2023 ല്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാണ്. 209,198 പേരാണ് പോയവര്‍ഷം മാലദ്വീപ് സന്ദര്‍ശിച്ച ഇന്ത്യക്കാര്‍. തൊട്ടുപിന്നില്‍ റഷ്യയാണ്. ചൈനയ്ക്ക് സഞ്ചാരികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്. 2022 ലും ഇന്ത്യയില്‍ നിന്നാണ് മാലദ്വീപിലേക്ക് ഏറ്റവുമധികം സഞ്ചാരികളെത്തിയത്.
പ്രധാനമന്ത്രി മോദി പങ്കുവച്ച ലക്ഷദ്വീപ് ചിത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും മോദിയെ കോമാളിയെന്നും ഇസ്രയേല്‍ പാവയെന്നും പരിഹസിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ– മാലദ്വീപ് ബന്ധം ഉലഞ്ഞത്. വിവാദം കൊഴുത്തതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് പുറത്താക്കി. പക്ഷേ പ്രതിഷേധം അവിടെ കൊണ്ട് അവസാനിച്ചില്ല. സെലിബ്രിറ്റികളും കായികതാരങ്ങളും മറ്റ് പ്രമുഖരുമുള്‍പ്പടെ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും 'ബോയ്കോട്ട് മാലദ്വീപ്' ക്യാംപെയിന്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഏജന്‍സികളടക്കം മാലദ്വീപിലേക്കുള്ള ബുക്കിങ് നിര്‍ത്തിവച്ചത്.
Maldives tourism body's plea to EaseMyTrip to restart booking