• മാലദ്വീപ് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി
  • മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികളെത്തിയത് ഇന്ത്യയില്‍ നിന്ന്
  • ചൈനീസ് സഹായം തേടി മുയിസു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ കൂട്ടത്തോടെ മാലദ്വീപ് ഒഴിവാക്കിയതോടെ വിനോദസ‍ഞ്ചാര മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണമെന്നും കാര്യമായി സഹായിക്കണമെന്നും ചൈനയോട് അഭ്യര്‍ഥിച്ച് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. നയതന്ത്രതലത്തിലുയര്‍ന്ന പ്രതിഷേധം ട്രാവല്‍ ഏജന്‍സികളും സ‍ഞ്ചാരികളും ഏറ്റുപിടിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മാലദ്വീപ് ഒഴിവാക്കിയതിന് പകരം ലക്ഷദ്വീപ് സ‍ഞ്ചാരികള്‍ കൂട്ടത്തോടെ തിരഞ്ഞെടുക്കുകയും ചെയ്തു. 

 

നീണ്ട അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയപ്പോഴാണ് മുയിസുവിന്‍റെ അഭ്യര്‍ഥന.ഫുജിയാന്‍ പ്രവിശ്യയിലെ മാലദ്വീപ് ബിസിനസ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനില്‍ ചൈന മാലദ്വീപിന്‍റെ അടുത്ത സുഹൃത്താണെന്ന് കൂടി മുയിസു പ്രഖ്യാപിച്ചു. അടുത്ത സുഹൃത്തിന് പുറമെ വികസനങ്ങളില്‍ പങ്കാളിയാണെന്ന് കൂടി മുയിസു കൂട്ടിച്ചേര്‍ത്തു. 2014 ല്‍ ഷീ ചിന്‍പിങ് തുടക്കമിട്ട ബെല്‍റ്റ് ആന്‍റ് റോഡ് ഇനിഷിയേറ്റീവിനെ വാനോളം പുകഴ്ത്തിയ മുയിസു ആ പ്രോജക്ട് മാലദ്വീപിന്‍റെ ചരിത്രത്തില്‍ നിര്‍ണായക വികസനത്തിന്‍റെ നാന്ദിയായിരുന്നുവെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് ചൈനയില്‍ നിന്നാണ് ഏറ്റവുമധികം വിനോദ സ‍ഞ്ചാരികള്‍ മാലദ്വീപിലേക്ക് എത്തിയിരുന്നത്. കോവിഡിന് ശേഷം അതില്‍ ഗണ്യമായ കുറവുണ്ടായി. അതിനാല്‍ കൂടുതല്‍ വിനോദസഞ്ചാരികളെ മാലദ്വീപിലേക്ക് എത്തിക്കാന്‍ സത്വര നടപടികള്‍ വേണമെന്നും മുയിസു പറയുന്നു. 

 

ഏറ്റവുമധികം വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് എത്തിക്കൊണ്ടിരുന്നത് ഇന്ത്യയില്‍ നിന്നുമായിരുന്നുവെന്ന് മാലദ്വീപ് സര്‍ക്കാര്‍ തന്നെ 2023 ല്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാണ്. 209,198 പേരാണ് പോയവര്‍ഷം മാലദ്വീപ് സന്ദര്‍ശിച്ച ഇന്ത്യക്കാര്‍. തൊട്ടുപിന്നില്‍ റഷ്യയാണ്. ചൈനയ്ക്ക് സഞ്ചാരികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഉള്ളത്. 2022 ലും ഇന്ത്യയില്‍ നിന്നാണ് മാലദ്വീപിലേക്ക് ഏറ്റവുമധികം സഞ്ചാരികളെത്തിയത്. 

 

പ്രധാനമന്ത്രി മോദി പങ്കുവച്ച ലക്ഷദ്വീപ് ചിത്രങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും മോദിയെ കോമാളിയെന്നും ഇസ്രയേല്‍ പാവയെന്നും പരിഹസിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ– മാലദ്വീപ് ബന്ധം ഉലഞ്ഞത്. വിവാദം കൊഴുത്തതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് പുറത്താക്കി. പരാമര്‍ശങ്ങളെ മാലദ്വീപ് വിനോദസഞ്ചാര വകുപ്പും തള്ളി. പക്ഷേ പ്രതിഷേധം അവിടെ കൊണ്ട് അവസാനിച്ചില്ല. സെലിബ്രിറ്റികളും കായികതാരങ്ങളും മറ്റ് പ്രമുഖരുമുള്‍പ്പടെ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും 'ബോയ്കോട്ട് മാലദ്വീപ്' സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു. 

അതിനിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സന്ദർശന താല്‍പര്യത്തോട് അനുകൂലമായി പ്രതികരിക്കാതെ ഇന്ത്യ. നവംബറിൽ അധികാരമേറ്റതിന് പിന്നാലെ മുയിസു സന്ദർശത്തത്തിന് നിർദേശം വച്ചെങ്കിലും തീയതിയുടെ കാര്യത്തിൽ ധാരണയായില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപിച്ചു. സൗഹൃദ അന്തരീക്ഷത്തിൽ മാത്രമേ മാലദ്വീപ് പ്രസിഡന്റിന് ആഥിത്യമരുളാൻ കഴിയു എന്ന് കഴിയു എന്നാണ് ഇന്ത്യൻ നിലപാട്.

 

'Send more tourist to Maldives'; President Mohamed Muizzu requests to China