ചിത്രം: AFP
ഇക്വഡോറില്‍ ചാനല്‍ സ്റ്റുഡിയോയിലേക്ക് ഇരച്ചെത്തിയ അക്രമി സംഘം ലൈവായി യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ സൈനിക നടപടിക്ക് ഉത്തരവിട്ട് പ്രസിഡന്റ്. ഗുയാക്വില്‍ എന്ന നഗരത്തിലെ ടിസി ടെലിവിഷന്‍റെ ഓഫിസിലേക്കാണ് റൈഫിളുകളും ഗ്രനേഡുകളുമായി എത്തിയത്. ചാനല്‍ ജീവനക്കാരെ ബന്ദികളാക്കിയതടക്കം ലൈവില്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഹൂഡി ധരിച്ച് മുഖം മറച്ചെത്തിയ അക്രമികള്‍ ലൈവിനിടയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും തോക്ക് ചൂണ്ടി ഉപദ്രവിക്കാനായുന്നതും വിഡിയോയില്‍ കാണാം.
'അക്രമിസംഘം ഞങ്ങളെ കൊല്ലാനെത്തിയിരിക്കുന്നു. അവരെ ദൃശ്യങ്ങളില്‍ കാണാ'മെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിക്ക് മാധ്യമപ്രവര്‍ത്തകനയച്ച സന്ദേശത്തില്‍ പറയുന്നു. അരമണിക്കൂറോളം നീണ്ടുനിന്ന ഭീതിക്കും ആശങ്കകള്‍ക്കുമൊടുവില്‍ സംഘത്തെ പൊലീസ് കീഴടക്കുകയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പ്രസിഡന്റ് ഡാനിയേല്‍ നൊബോയ കടുത്ത നിലപാടെടുത്തതോടെ കുപിതരായ ഗുണ്ടാസംഘങ്ങള്‍ പൊലീസുകാരെ ബന്ദികളാക്കുകയും നഗരത്തില്‍ പലയിടത്തും സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്തു. ഏഴ് പൊലീസുകാര്‍ മാഫിയ സംഘത്തിന്‍റെ തടവിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 60 ദിവസത്തെ അടിയന്തരാവസ്ഥയും രാത്രികാല കര്‍ഫ്യുവും നൊബോയ ഏര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഈ അക്രമം.
രാജ്യത്തെ ലഹരി മാഫിയയ്ക്കെതിരെ നൊബോയ തുറന്നയുദ്ധം പ്രഖ്യാപിച്ചതോടെയാണ് മാഫിയ സംഘങ്ങള്‍ പ്രകോപിതരായത്. നിങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ സാധാരണക്കാരും പൊലീസുകാരും സൈനികരുമടക്കം അതിന്‍റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഗുണ്ടാസംഘങ്ങളുടെ ഭീഷണി വിഡിയോ. രാത്രി 11 മണിക്ക് ശേഷം തെരുവില്‍ ആരെയെങ്കിലും കണ്ടാല്‍ കൊന്നുകളയുമെന്നും സംഘത്തിന്‍റെ ഭീഷണി വിഡിയോയില്‍ പറയുന്നു. അതേസമയം അക്രമികളെ അടിച്ചമര്‍ത്തുമെന്നും ഇക്വഡോറില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്നും നൊബോയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
Gunmen Storm Ecuador Studio, Declare "War" On Live TV