പട്ടിയിറച്ചിയുടെ ഉപഭോഗം അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരോധനമേര്‍പ്പെടുത്താന്‍ ദക്ഷിണ കൊറിയ. പട്ടിയിറച്ചിയുടെ വില്‍പന നിരോധിച്ചു കൊണ്ടുള്ള ബില്ല് ദക്ഷിണകൊറിയന്‍ പാര്‍ലമെന്‍റ് ഏകകണ്ഠമായി പാസാക്കി. ബ്രീഡിങും, കശാപ്പും വില്‍പ്പനയും നിരോധിക്കുന്നതാണ് ബില്‍. രാജ്യത്തിലെ മൂല്യങ്ങള്‍ പുരോഗമനപരമായി മാറുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു ബില്ല് പാസാക്കിയതിനോട് മൃഗസംരക്ഷണ സംഘടനകളുടെ പ്രതികരണം.
നായ്ക്കുട്ടികളെ ഓമനിക്കുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂനും പത്നിയും, ചിത്രം ; AFP
ഭക്ഷണാവശ്യത്തിനായി പട്ടിയെ കൊന്നതായി തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവും 30 ദശലക്ഷം ദക്ഷിണ കൊറിയന്‍ പണ(ഏകദേശം 23,000 ഡോളര്‍)വുമാണ് ശിക്ഷ. ഭക്ഷണാവശ്യത്തിനായി പട്ടികളെ ബ്രീഡ് ചെയ്ത് നല്‍കുന്നതും, വില്‍ക്കുന്നതും രണ്ട് വര്‍ഷം വരെ തടവോ 20 ദശലക്ഷം ദക്ഷിണ കൊറിയന്‍ പണമോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
മൂന്ന് വര്‍ഷത്തെ ഗ്രേസ് പിരീഡിന് ശേഷം 2027 മുതലാകും ഈ നിയമം കര്‍ശനമായി നടപ്പിലാക്കുക. പട്ടി ഇറച്ചി വില്‍പ്പന, വിതരണ, ഉല്‍പാദന മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് മറ്റ് തൊഴിലുകള്‍ കണ്ടെത്തുന്നതിനായി സബ്സിഡിയടക്കം അനുവദിക്കാനും തീരുമാനമായി. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്ന് യൂന്‍ ഉറപ്പ് നല്‍കിയിരുന്നു.
വൈദ്യുതാഘാതമേല്‍പ്പിച്ചും വടി കൊണ്ടടിച്ചും കെട്ടിത്തൂക്കിയും നായ്ക്കളെ കൊന്ന ശേഷം മാംസമെടുത്ത് വില്‍പ്പന നടത്തുന്ന രീതികള്‍ അവലംബിച്ചിരുന്നതിന്‍റെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ ദക്ഷിണ കൊറിയ വന്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു.രാജ്യത്തെ 1600 ലേറെ ഭക്ഷണശാലകളില്‍ പട്ടിയിറച്ചി ഇപ്പോഴും പ്രധാന വിഭവമാണെന്നും ഇവിടങ്ങളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്നതിനായി 1,150 ലേറെ നായഫാമുകള്‍ ദക്ഷിണകൊറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്‍റെ കണക്ക്.
South Korea passed bill to ban consumption of dog meat