കുപ്രസിദ്ധ ശിശുപീഡകനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്സ്റ്റെയിന്‍, യുഎസ് മുന്‍ പ്രസിഡന്റുമാരായ ഡോണള്‍ഡ് ട്രംപ്, ബില്‍ ക്ലിന്‍റണ്‍ എന്നിവരടക്കമുള്ള പ്രമുഖരുടെ ലൈംഗികദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന രേഖകള്‍ പുറത്ത്. ഇരുവര്‍ക്കും പുറമെ ആന്‍ഡ്രൂ രാജകുമാരന്റേതും സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നും പുതുതായി പുറത്തുവന്ന രേഖകളില്‍ പറയുന്നു. കേസിലെ പ്രധാന സാക്ഷികളിലൊരാളായ സാറ റാന്‍സമിന്‍റേതാണ് വെളിപ്പെടുത്തല്‍. എപ്സ്റ്റെയിന്‍റെ വീട്ടില്‍ മസാജിങിനെത്തിയവരില്‍ ഒരാളായിരുന്നു സാറ. അതേസമയം സാറയുടേതായി പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ എപ്സ്റ്റെയിന്‍റെയും ട്രംപിന്‍റെയും അഭിഭാഷകര്‍ തള്ളി. കോടതിയില്‍ ഇതിന്‍റെ തെളിവുകള്‍ ഹാജരാക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ്യതയില്ലാത്ത വെറും ആരോപണങ്ങള്‍ മാത്രമാണെന്നുമായിരുന്നു എപ്സ്റ്റെയിന്‍റെ അഭിഭാഷകരുടെ പ്രതികരണം.
എപ്സ്റ്റെയിനും പങ്കാളി ഗിലേന്‍ മാക്സ്വെല്ലും (ഫയല്‍ ചിത്രം)
2016 ല്‍ മാധ്യമപ്രവര്‍ത്തകന് അയച്ച ഇമെയിലുകളിലാണ് സാറയുടെ വെളിപ്പെടുത്തല്‍. തന്റെ സുഹൃത്ത് ക്ലിന്‍റനുമായും ആന്‍ഡ്രൂ രാജകുമാരനുമായും റിച്ചാര്‍ഡ് ബ്രാന്‍സനുമായെല്ലാം ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഓരോ തവണയും ഇതിന്‍റെ ദൃശ്യങ്ങള്‍ എപ്സ്റ്റെയിന്‍ പകര്‍ത്തിയിട്ടുണ്ടെന്നും സാറയുടെ മെയിലുകളില്‍ പറയുന്നു. വിഡിയോദൃശ്യങ്ങളില്‍ ക്ലിന്‍റനടക്കമുള്ളവരുടെ മുഖം വ്യക്തമാണെന്നും എന്നാല്‍ ഒരു വിഡിയോയില്‍ പോലും പെടാതിരിക്കാന്‍ എപ്സ്റ്റെയിന്‍ കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ടെന്നും മെയിലുകളിലൊന്നില്‍ പറയുന്നു. എപ്സ്റ്റെയിന്‍റെ ന്യൂയോര്‍ക്കിലെ വസതിയില്‍ വച്ച് ഡോണള്‍ഡ് ട്രംപുമായി പലവട്ടം തന്‍റെ സുഹൃത്തുക്കള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും മറ്റൊന്നില്‍ പറയുന്നു. പ്രസിഡന്‍റ് സ്ഥാനാര്‍ഥികളായ ഹിലരിയെയും ട്രംപിനെയും മറ്റൊന്നില്‍ അധിക്ഷേപിക്കുന്നുമുണ്ട്. വിക്കിലീക്സ് വഴി ഫുട്ടേജുകള്‍ താന്‍ പുറത്തുവിടുമെന്നും ലോകം മുഴുവന്‍ അറിയട്ടെയെന്നും യുവതി 2016 ല്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ എഴുതുന്നു.
എപ്സ്റ്റെയിനെതിരായി നടന്ന പ്രതിഷേധത്തില്‍ നിന്ന് (ഫയല്‍ ചിത്രം)
അതേസമയം, ആരോപിച്ചത് പ്രകാരമുള്ള ചില തെളിവുകളൊന്നും ഹാജരാക്കാന്‍ സാറയ്ക്ക് കഴിഞ്ഞില്ല. തന്‍റെ തുറന്നുപറച്ചിലുകള്‍ കൊണ്ട് തന്റെ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടായെന്നും വെളിപ്പെടുത്തലുകള്‍ വെറുതെയായെന്നും വാദം പിന്‍വലിച്ച് പിന്നീട് ഇവര്‍ രംഗത്തെത്തുകയും ചെയ്തു.
കോടീശ്വരനായിരുന്ന ജെഫ്രി എപ്സ്റ്റെയിന്‍ പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് കാഴ്ചവച്ച് സൗഹൃദം തുടര്‍ന്നിരുന്നതായി മുന്‍പ് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലൈംഗിക കുറ്റത്തില്‍ വിചാരണ കാത്തിരിക്കവെ 2019 ല്‍ ജെഫ്രി എപ്സ്റ്റെയിന്‍ ജീവനൊടുക്കുകയായിരുന്നു. എപ്സ്റ്റെയിനായും മറ്റുള്ളവര്‍ക്കായും പെണ്‍കുട്ടികളെ എത്തിച്ചുനല്‍കിയെന്ന് തെളിഞ്ഞതോടെ പങ്കാളി ഗിസ്ലെയിന്‍ മാക്സ്വെല്ലിനെ കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ചയോടെയാണ് സെലിബ്രിറ്റികളടക്കമുള്ളവരുടെ പേരുവിവരങ്ങളുമായി രേഖകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.