(Photo: X/@FBIMostWanted)

(Photo: X/@FBIMostWanted)

 നാല് വര്‍ഷം മുന്‍പ് കാണാതായ ഇന്ത്യന്‍ വംശജയെ കണ്ടെത്തുന്നവര്‍ക്ക് 10000 ഡോളര്‍ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. 29 കാരിയായ ആയുഷിയെയാണ് അമേരിക്കയിലെ ന്യൂ ജഴ്സിയില്‍ നിന്നും കാണാതായത്. ഇതുവരെ യുവതിയെപ്പറ്റി വിവരമൊന്നുമില്ല. പല നിറത്തില്‍ ഡിസൈനുകളുള്ള പജാമയും കറുത്ത ടി ഷര്‍ട്ടുമാണ് അവസാനമായി ധരിച്ച് കണ്ടതെന്നാണ് കുടുംബം അറിയിച്ചത്. 2019 ഏപ്രില്‍ 29നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്.

മെയ് 1ന് കുടുംബം പരാതിയുമായി എത്തി. എഫ്.ബി.ഐയും ന്യു ജഴ്സി പൊലീസും ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കേസില്‍ പുരോഗതിയൊന്നും തന്നെയുണ്ടായില്ല. അതോടെ ഏജന്‍സികള്‍ പൊതുസമൂഹത്തിന്‍റെ സഹായം തേടുകയായിരുന്നു. 10000 ഡോളറാണ് വാഗ്ദാനം ചെയ്തത്.

2016ല്‍ വിദ്യാര്‍ഥി വിസയില്‍ ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠിക്കുകയായിരുന്നു ആയുഷി. അഞ്ചടി പത്തിഞ്ചാണ് യുവതിയുടെ ഉയരം, കറുത്ത മുടിയും കാപ്പിപ്പൊടി നിറത്തിലുള്ള കണ്ണുകളുമാണെന്നും ബന്ധുക്കള്‍ നല്‍കിയ വിവരത്തില്‍ പറയുന്നു.