103 വയസുള്ള ഡൊറോത്തി വാൾട്ടറും 102 വയസുള്ള ടിം വാൾട്ടറും കഴിഞ്ഞയാഴ്ച വിവാഹവാർഷികം ആഘോഷിച്ചു. എൺപത്തൊന്നാം വിവാഹവാർഷികം. ബ്രിട്ടണിലെ കെൻ്റിൽ വിങ്ഹാമിലുള്ള വയോജന വില്ലേജിലായിരുന്നു ആഘോഷം. 81 വർഷത്തെ സന്തോഷകരമായ ദാമ്പത്യത്തിൻ്റെ രഹസ്യം ആരാഞ്ഞവരോട് ഇരുവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു. "ഞങ്ങൾ ഒരിക്കൽപ്പോലും തർക്കിച്ചില്ല". എന്തുപ്രശ്നമുണ്ടായാലും സംസാരിക്കും, ചർച്ച ചെയ്യും, യോജിപ്പിലെത്തും. ഒരിക്കലും വിയോജിച്ച് നിന്നില്ല...ടിമ്മും ഡൊറോത്തിയും പറഞ്ഞു.
പതിനെട്ടാം വയസിൽ ഫാക്ടറിയിൽ ജോലി ചെയ്യുമ്പോൾ സതാംപ്റ്റണിൽ വച്ചാണ് പരസ്പരം കണ്ടുമുട്ടിയത്. മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം. യുദ്ധം ഉൾപ്പെടെ വലിയ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പരസ്പരം സംരക്ഷിച്ചും സ്നേഹിച്ചും വിശ്വസിച്ചും നിൽക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും നേട്ടമെന്ന് ഡൊറോത്തി പറഞ്ഞു. ലോകമഹായുദ്ധത്തിനുപിന്നാലെ ദമ്പതികൾ എംസ്റ്റോണിലേക്ക് താമസം മാറി. 32 വർഷം അവിടെ കൃഷിപ്പണി ചെയ്ത് ജീവിച്ചു. ബോട്ടിൽ യൂറോപ്പ് മുഴുവൻ സഞ്ചരിച്ച അനുഭവം കൂടിയുണ്ട് ഇവർക്ക്.
നൂറാം വയസുവരെ സ്വന്തം വീട്ടിലാണ് ടിമ്മും ഡൊറോത്തിയും താമസിച്ചിരുന്നത്. 2022ൽ വയോജന വില്ലേജിലേക്ക് മാറി. രണ്ട് പെൺമക്കളുണ്ട്. രണ്ട് പേരക്കുട്ടികളും അവരുടെ മൂന്ന് മക്കളുമാണ് ഇന്ന് ഇവരുടെ ലോകം. തിരിഞ്ഞുനോക്കുമ്പോൾ വലിയ പ്രയാസങ്ങൾക്കിടയിലും ജീവിതം സന്തോഷകരമായിരുന്നുവെന്ന് അവർ പറയുന്നു. ഒരു കാര്യം ആവർത്തിക്കുകയും ചെയ്യുന്നു. "ഞങ്ങൾ ഒരിക്കൽപ്പോലും തർക്കിച്ചില്ല".
British Couple Celebrates Their 81st Wedding Anniversary. Here is the secret to their long and successful marriage - "we never argue".