
കാനഡയ്ക്കും യുകെയ്ക്കും പിന്നാലെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിക്കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരും. പഴുതുകളടച്ചുള്ള കുടിയേറ്റ സംവിധാനം കൊണ്ടുവരുന്നതിനായി വീസ നിയമങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. രാജ്യാന്തര വിദ്യാര്‍ഥികളുടെയും നൈപുണ്യശേഷി കുറഞ്ഞ തൊഴിലാളികളുടെയും കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഇംഗ്ലീഷ് സ്കോര്‍ ഉയര്‍ത്തുമെന്നും സ്റ്റേ ബാക്ക് കാലയളവ് ഉള്‍പ്പടെയുള്ളവയില്‍ കൂടുതല്‍ പരിഷ്കരണം കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2022–23 കാലയളവില്‍ 510,000 പേരാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തിയത്. നിരക്ക് റെക്കോര്‍ഡിലെത്തിയതോടെയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിയമങ്ങള്‍ കടുപ്പിക്കുന്നത്. കുടിയേറ്റ വ്യവസ്ഥയുടെ സന്തുലനാവസ്ഥ അതിവേഗം വീണ്ടെടുക്കാനാകുമെന്നും ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ വ്യക്തമാക്കി.
കോവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനായി പ്രധാന വാണിജ്യ മേഖലകളില്‍ ഓസ്ട്രേലിയ വീസ നിയമങ്ങള്‍ ലഘൂകരിച്ചിരുന്നു. പ്രതിസന്ധിയകറ്റുന്നതിന്‍റെ ഭാഗമായി വിദേശത്ത് നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും രണ്ട് വര്‍ഷത്തോളം സാവകാശവും അനുവദിച്ചിരുന്നു. കോവിഡ് കാല പ്രതിസന്ധിയില്‍ നിന്നും ലോകം ഏറെക്കുറെ മുക്തമായെന്നും അതുകൊണ്ട് തന്നെ സന്തുലാനവസ്ഥ വീണ്ടെടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നിയന്ത്രണ നടപടികള്‍ക്ക് വേഗം കൂടിയത്.
ഒരുവശത്ത് കുടിയേറ്റം നിയന്ത്രിക്കുന്നതിനായി നടപടി കടുപ്പിക്കുമ്പോള്‍ തന്നെ നൈപുണ്യമുള്ള തൊഴിലാളികളുടെ ഓസ്ട്രേലിയയിലേക്കുള്ള വരവ് ലേബര്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയും അവര്‍ക്ക് സ്ഥിര താമസത്തിനുള്ള നടപടികള്‍ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് വികസിത രാജ്യങ്ങളിലേക്ക് ഉയര്‍ന്ന നൈപുണ്യശേഷിയുള്ളവര്‍ കൂട്ടത്തോടെ കുടിയേറുന്നത് തടയുന്നതിനായാണ് ഈ നീക്കമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനായി രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഇംഗ്ലിഷ് സ്കോറുകള്‍ ആവശ്യമായി വരും. മാത്രമല്ല പഠനത്തിന് ശേഷം ഓസ്ട്രേലിയയില്‍ തങ്ങുന്നതിനും കടമ്പകളേറും.
Australia to tighten visa rules to curb migration